
കൊച്ചി: ഗുണ്ടാ നേതാവിന്റെ ആതിഥ്യം സ്വീകരിച്ച ഡിവൈഎസ്പിയുടെയും പൊലീസുകാരുടെയും നടപടി വിവാദത്തിൽ. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പൊലീസ് റെയ്‍ഡ് നടത്തിയപ്പോഴാണ് ഡിവൈഎസ്പിയും പൊലീസുകാരും പരിപാടിക്കെത്തിയതെന്ന് തെളിഞ്ഞത്. പൊലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം.ജി. സാബുവും മൂന്നു പൊലീസുകാരുമാണ് അങ്കമാലിയിൽ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിനെത്തിയത്.
ഇതിനിടെയാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാനായി സംസ്ഥാന വ്യാപകമായി ഓപറേഷൻ ആഗിന്റെ ഭാഗമായി തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്. വിരുന്നിൽ ഡിവൈഎസ്പിക്കൊപ്പം പങ്കെടുത്ത രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മേയ് 31ന് സർവീസിൽനിന്ന് വിരമിക്കാനിരിക്കുകയാണ് സാബു. കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസൽ പിന്നീട് വളർന്നു വന്നത്.
താൻ കുറെ വർഷങ്ങളായി ഗുണ്ടാ പരിപാടികൾക്കൊന്നും പോകാറില്ലെന്നും സ്വന്തമായി ടിപ്പറുകളും മാലിന്യം ശേഖരിക്കുന്ന വണ്ടിയും മറ്റ് കുടുംബ ബിസിനസുകളും നോക്കി നടത്തുകയാണ് ചെയ്യുന്നതെന്നാണ് ഫൈസൽ ചില യൂട്യൂബ് അഭിമുഖങ്ങളിൽ അവകാശപ്പെട്ടിരുന്നത്.
dysp participate goons party in Ankamali












