ട്രംപിന്‍റെ പ്രത്യേക നിർദ്ദേശം, മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് മാർക്കോ റൂബിയോ; ‘സേവാ തീർത്ഥ്’ ഹാളിൽ അതിനിർണായക കൂടിക്കാഴ്ച

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസായ ‘സേവാ തീർത്ഥ്’ ഹാളിൽ നടന്ന നിർണായക കൂടിക്കാഴ്ചയിലാണ് റൂബിയോ ക്ഷണം കൈമാറിയത്. വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-അമേരിക്ക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച നടത്തി. വരും ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടൺ സന്ദർശനം നടന്നേക്കാമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചിപ്പിച്ചു.

തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനായാണ് മാർക്കോ റൂബിയോ ശനിയാഴ്ച രാവിലെ രാജ്യത്തെത്തിയത്. ആദ്യം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെത്തിയ അദ്ദേഹം, വിശുദ്ധ മദർ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’യുടെ ആഗോള ആസ്ഥാനമായ മദർ ഹൗസും സമീപത്തെ നിർമ്മല ശിശുഭവൻ അനാഥാലയവും സന്ദർശിച്ചു. ഭാര്യ ജെന്നറ്റ് റൂബിയോയും യുഎസ് അംബാസഡർ സെർജിയോ ഗോറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ 14 വർഷത്തിനിടെ ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് ഇതാദ്യമായാണ്. കൊൽക്കത്ത സന്ദർശനത്തിന് ശേഷമാണ് റൂബിയോ ഡൽഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഹൈദരാബാദ് ഹൗസിൽ വിപുലമായ ഉഭയകക്ഷി ചർച്ചകളും റൂബിയോ നടത്തും. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി അമേരിക്കയിൽ നിന്ന് എൽഎൻജിയും അസംസ്‌കൃത എണ്ണയും കൂടുതൽ ഇറക്കുമതി ചെയ്യുന്നതും ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളും ചർച്ചയാകുമെന്നാണ് വിവരം.

തുടർന്ന് ആഗ്ര, ജയ്പൂർ നഗരങ്ങളും റൂബിയോ സന്ദർശിക്കും. മേയ് 26ന് ഡൽഹിയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ക്വാഡ്’ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് യോഗത്തിൽ പ്രധാന പരിഗണന ലഭിക്കുമെന്നാണ് സൂചന.

More Stories from this section

family-dental
witywide