കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന യുവജന കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കൂട്ടായ്മ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനമായി വളർന്നുവരുമോ എന്ന ബിജെപിയുടെ ഭയമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ വലിയ ജനശ്രദ്ധയും സ്വീകാര്യതയും വളരെ പെട്ടെന്ന് നേടാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിച്ചു. തൊഴിലില്ലായ്മയും അവഗണനയും നേരിടുന്ന യുവജനങ്ങൾ ഈ പ്രതിഷേധത്തിലേക്ക് ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
പാറ്റകൾ എന്ന വിശേഷണത്തിനെതിരെ ഉയർന്നുവന്ന ഈ പ്രതിഷേധത്തെ വെറുമൊരു താൽക്കാലിക പ്രതികരണമായി ചുരുക്കിക്കാണാൻ കഴിയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്തെ ചൂഷണങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത ഇതിലുണ്ട്. ഈ വികാരം കൂടുതൽ ജനങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ഇത്തരം അടിച്ചമർത്തൽ നടപടികളിലേക്ക് നയിക്കുന്നത്. ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധ രൂപത്തോടോ ആർക്കും വിയോജിപ്പുണ്ടാകാം, എന്നാൽ അതിനെ ഇല്ലാതാക്കാൻ ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല.
ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമം ജനാധിപത്യ ഇന്ത്യയുടെ ആത്മാവിന് വിരുദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ ഈ ജനാധിപത്യവിരുദ്ധ നടപടിയെ ശക്തമായി അപലപിക്കുന്നതായും സ്വാതന്ത്ര്യത്തിലും ഭരണഘടനാ മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തണമെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
Pinarayi Vijayan Slams Centre for Blocking CJP’s X Account, Terms it Intolerance Towards Youth Protests













