
അമേരിക്കയിലെ ഇല്ലിനോയി സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയായിരുന്ന അകുൽ ധവാൻ (18 ) കഴിഞ്ഞ മാസം മരിച്ചത് കൊടും തണുപ്പിൽ ഏറെ നേരം പുറത്തു തങ്ങിയതിനെതുടർന്ന് തണുത്തുറഞ്ഞാണ് (Hypothermia) എന്ന് ഷാംപെയ്ൻ കൌണ്ടി പൊലീസ് അറിയിച്ചു. അകുൽ അമിതമായി മദ്യപിച്ചിരുന്നു എന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. ജനുവരി 20 നാണ് അകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുഎസിലെ ഇല്ലിനോയിലെ പടിഞ്ഞാറൻ ഉർബാനയിലെ യൂണിവേഴ്സിറ്റി ക്യാംപസിനു സമീപമുള്ള കെട്ടിടത്തിൻ്റെ പിൻവശത്തെ മുറ്റത്താണ് അകുലിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ തന്നെ ഹൈപ്പോതെർമിയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
ജനുവരി 20 ന് സുഹൃത്തുക്കളോടൊപ്പം അകുൽ ക്യാംപസിന് പുറത്തു പോയിരുന്നു. രാത്രി 11:30 ഓടെ അവർ ക്യാംപസിന് സമീപമുള്ള കനോപ്പി ക്ലബ്ബിലേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ ക്ലബ്ബിലെ ജീവനക്കാർ അവരെ പ്രവേശിപ്പിച്ചില്ല. ഒന്നിലധികം തവണ ക്ലബ്ബിൽ പ്രവേശിക്കാൻ കുട്ടികൾ ശ്രമിച്ചെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. ജനുവരി അവസാനം ഇല്ലിനോയിലും പരിസര പ്രദേശങ്ങളിലും -20 മുതൽ -30 ഡിഗ്രി വരെ താഴ്ന്ന നിലയിലായിരുന്നു താപനില. ഈ തണുപ്പിലാണ് കുട്ടികൾ പുറത്തു നിന്നത്. തിരികെ ക്യാംപസിലേക്ക് പോകാൻ അകുലിനു വേണ്ടി 2 റൈഡ്ഷെയർ വാഹനങ്ങൾ എത്തിയെങ്കിലും അയാൾ അതിൽ കയറാൻ കൂട്ടാക്കിയില്ല.
ഏറെ നേരമായിട്ടും അകുൽ തിരികെ വന്നില്ല എന്ന് അറിയിച്ച് കൂട്ടുകാർ ക്യാംപസിലെ പൊലീസിന് ഫോൺ ചെയ്തു. പൊലീസ് അയാൾ നടന്നു പോകാൻ സാധ്യതയുള്ള വഴിയിലൂടെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിറ്റേന്ന് രാവിലെ ക്യാംപസിലെ ജീവനക്കാരനാണ് അകുലിനെ ക്യാംപസിനു സമീപത്തെ ഒരു കെട്ടിടത്തിൻ്റെ പിൻ മുറ്റത്ത് മരിച്ച നിലയിൽ കണ്ടത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അകുലിന് 18 വയസ്സ് തികഞ്ഞത്.
Indian-American Student Akul Dhawan Froze To Death says police














