സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റില്ല; ഭാര്യയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജംഗ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോയുടെ അടിയന്തര ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. നിലവിൽ ആശുപത്രി മാറ്റേണ്ട സാഹചര്യമില്ലെന്നും വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

വാങ്ചുക്ക് കസ്റ്റഡിയിലല്ല. ഭാര്യയ്ക്കും സഹോദരനും മറ്റ് അടുത്ത ബന്ധുക്കൾക്കും അദ്ദേഹത്തെ കാണാൻ അനുമതിയുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ്. അതിനാൽ ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് ആവശ്യമില്ല എന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് മിനി പുഷ്കർണ വ്യക്തമാക്കി. കേസ് ജൂലൈ 24-ന് വീണ്ടും പരിഗണിക്കും.

സർക്കാർ ആശുപത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഭർത്താവിനെ തങ്ങൾ തിരഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാണ് ഭാര്യ കോടതിയിൽ ആവശ്യപ്പെട്ടു. വാങ്ചുക്കിന്റെ സ്വന്തം ഡോക്ടർമാർക്കും അഭിഭാഷകർക്കും ആശുപത്രിയിൽ പ്രവേശനം നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന് നൽകുന്ന ചികിത്സയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അതിൽ നിയമവിരുദ്ധമായ നടപടിയൊന്നും കാണാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടർമാർ വാങ്ചുക്കിന്റെ ആരോഗ്യനില നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സമ്മതപ്രകാരമാണ് വായിലൂടെ ദ്രാവകങ്ങളും പൊട്ടാസ്യം സപ്ലിമെന്റുകളും നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. വാങ്ചുക്ക് സ്വമേധയാ ആശുപത്രിയിൽ പ്രവേശിക്കാൻ തയ്യാറായിരുന്നില്ലെന്നും അതിനാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ സർക്കാരിന് അധികാരമുണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി. വാദത്തിനിടെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ, 18 ദിവസത്തിലേറെയായി നിരാഹാര സമരം തുടരുന്നതിനാൽ വാങ്ചുക്കിന്റെ ആരോഗ്യനില വഷളായിരുന്നുവെന്ന് കോടതിയെ അറിയിച്ചു.

അതേസമയം, സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആശുപത്രിയിൽ വലിയ പൊലീസ് സന്നാഹം ഏർപ്പെടുത്തി കുടുംബത്തിന്റെ സഞ്ചാരം നിയന്ത്രിച്ചിരിക്കുകയാണെന്നും ആങ്മോ ഹർജിയിൽ ആരോപിച്ചു. കൂടാതെ ആശുപത്രി നടത്തിയ പരിശോധനയിലും സ്വതന്ത്ര ലബോറട്ടറി നടത്തിയ പരിശോധനയിലും പൊട്ടാസ്യത്തിന്റെ അളവിൽ വ്യത്യാസമുണ്ടെന്നും ഇത് സംശയങ്ങൾക്ക് ഇടയാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നത്. സമരത്തിന്റെ 21-ാം ദിവസം ആരോഗ്യനില മോശമായതിനെ തുടർന്നാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ ശനിയാഴ്ച സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്.

Delhi HC refuses Wangchuk’s wife Angmo’s immediate request to shift him out of govt hospital, seeks status report

More Stories from this section

family-dental
witywide