ഇന്ത്യക്കാർ പല കാര്യങ്ങളിലും അമേരിക്കക്കാരേക്കാൾ മുന്നിൽ, ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളയുന്നു: യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് യുഎസ് നയതന്ത്രജ്ഞൻ എറിക് ​ഗാർസിറ്റി. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ പേരിൽ വാഴ്‌ത്തുന്ന ഇന്ത്യ വരുന്ന പത്ത് വർഷത്തിനുള്ളിൽ കൂടുതൽ കരുത്തോടെ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞ എറിക് ഗാർസെറ്റി ഇന്ത്യക്കാർ അമേരിക്കക്കാരേക്കാൾ മികച്ചവരാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇന്ത്യയിൽ രണ്ട് കിലോമീറ്ററിനുള്ളിൽ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിക്കുന്നു. സമ്മതിദാനാവകാശം വിനിയോ​ഗിക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ ചെയ്ത് കൊടുക്കുന്നു. മലയെന്നോ താഴ്വരയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്നു. ദിവസങ്ങളോളം കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഉദ്യോ​ഗസ്ഥർ ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പണം നൽകി വോട്ട് വാങ്ങുന്ന സമ്പ്ര​ദായത്തെ ഇന്ത്യ പ്രതിരോധിക്കുന്ന രീതി ഏറെ പ്രശംസനീയമാണെന്ന് എറിക് ഗാർസെറ്റി അഭിപ്രായപ്പെട്ടു. കൃത്യമായ നിരീക്ഷണത്തിലൂടെ സുതാര്യമായ രീതിയിലാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ഇത്തരം കാര്യങ്ങളിൽ‌ അമേരിക്കയേക്കാൾ ബഹുദൂരം മുൻപിലാണ് ഇന്ത്യയെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.