
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സസിലുള്ള ലാറെഡോയിൽ ചെറിയ ബിസിനസ് ജെറ്റ് വിമാനം ഹൈവേയിലേക്ക് തകർന്നുവീണ് ഒരാൾ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി ഓടിയെത്തിയ ദൃക്‌സാക്ഷികളായ നാട്ടുകാരാണ് വൻ ദുരന്തം ഒഴിവാക്കിയത്.
പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ലാറെഡോയിലെ ലൂപ്പ് 20 ഹൈവേയിലാണ് ‘സെസ്ന സിറ്റേഷൻ ലാറ്റിറ്റ്യൂഡ്’ എന്ന ആഡംബര സ്വകാര്യ ജെറ്റ് തകർന്നുവീണത്. നിയന്ത്രണം വിട്ട വിമാനം ഹൈവേയിലെ കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറി നിമിഷങ്ങൾക്കകം തീപിടിക്കുകയായിരുന്നു.
വിമാനം കത്തുന്നത് കണ്ട് അതുവഴി പോയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. വിമാനത്തിൻ്റെ കോക്ക്പിറ്റിൻ്റെ ജനൽച്ചില്ലുകൾ തകർത്താണ് ഇവർ ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെയും പൈലറ്റിനെയും ഓരോരുത്തരായി പുറത്തെത്തിച്ചത്. തൊട്ടുപിന്നാലെ വിമാനം പൂർണ്ണമായും അഗ്നിക്കിരയായി. രക്ഷാപ്രവർത്തനത്തിനിടെ പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായ അഞ്ച് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രയ്ക്കിടയിൽ വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (FAA) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഹൈവേയിലെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
Plane crashes into highway in Texas: One dead, five injured; Eyewitnesses rescue













