മസ്കിൻ്റെ xAI-ക്കെതിരായ മലിനീകരണ കേസ് ഒതുക്കിത്തീർക്കാൻ ട്രംപ് ഭരണകൂടം കോടതിയിൽ; ‘ദേശീയ സുരക്ഷ’യെന്ന് വാദം

വാഷിംഗ്ടൺ: പ്രമുഖ വ്യവസായി ഇലോൺ മസ്കിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ എക്സ് എഐക്കെതിരെ പരിസ്ഥിതി പ്രവർത്തകർ നൽകിയ വായു മലിനീകരണ കേസ് തള്ളിക്കളയാൻ ട്രംപ് ഭരണകൂടം ഔദ്യോഗികമായി കോടതിയെ സമീപിച്ചു. എക്സ് എഐയുടെ സൂപ്പർ കംപ്യൂട്ടർ ഡാറ്റാ സെൻ്ററിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നത് അമേരിക്കയുടെ ദേശീയ, സാമ്പത്തിക, ഊർജ്ജ സുരക്ഷയെ ബാധിക്കുമെന്നാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് കോടതിയിൽ വാദിക്കുന്നത്.

ടെന്നസിയിലെ മെംഫിസിൽ സ്ഥിതി ചെയ്യുന്ന എക്സ്എഐയുടെ കൂറ്റൻ ഡാറ്റാ സെൻ്ററിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാൻ മിസിസിപ്പിയിലെ സൗത്താവനിലുള്ള പ്ലാൻ്റിൽ ഡസൻ കണക്കിന് മിഥേൻ ഗ്യാസ് ടർബൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ആവശ്യമായ പരിസ്ഥിതി അനുമതികളോ വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെയാണ് ഈ ടർബൈനുകൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ മനുഷ്യാവകാശ സംഘടനയായ എൻഎഎസിപിയും പരിസ്ഥിതി പ്രവർത്തകരും കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ടർബൈനുകൾ വൻതോതിൽ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നുണ്ടെന്നും, ഇത് സമീപ പ്രദേശങ്ങളിലെ ദരിദ്ര, കറുത്തവർഗ്ഗക്കാരായ ജനവിഭാഗങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ദേശീയ താല്പര്യങ്ങൾ മുൻനിർത്തി കേസ് അടിയന്തരമായി റദ്ദാക്കണമെന്നാണ് ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എക്സ്എഐ വികസിപ്പിച്ച ‘ഗ്രോക്ക്’ ചാറ്റ്ബോട്ട് നിലവിൽ യു.എസ് സൈന്യവും മറ്റ് ദേശീയ ഏജൻസികളും വിവിധ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും കേസ് തുടരുന്നത് ഈ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു.

ഇലോൺ മസ്കും അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധമാണ് കേസ് ഒതുക്കിത്തീർക്കാനുള്ള സർക്കാരിൻ്റെ ദ്രുതഗതിയിലുള്ള നീക്കത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Trump administration moves court to settle pollution case against Musk’s xAI; claims ‘national security’