ഇറാൻ – യുഎസ് യുദ്ധം: ശാശ്വത സമാധാനത്തിന്റെ പുലരി അരികയോ? ശുഭ പ്രതീക്ഷയിൽ ലോകം

ഫെബ്രുവരി 28-ന് യു.എസും ഇസ്രയേലും ഇറാനുനേരേ നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ലോകം. ഇതിനുള്ള കരാറായെന്നും വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ ഒപ്പുവെക്കുമെന്നുമാണ് പ്രഖ്യാപനം. എന്നാൽ ആദ്യഘട്ടത്തിലുള്ള ഒരു ധാരണാപത്രം മാത്രമാണ് ഇപ്പോൾ തയാറാക്കിയിരിക്കുന്നത്. രണ്ടാംഘട്ടമായാണ് യുദ്ധവിരാമ കരാർ നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ, ലോക എണ്ണവിപണിയെ ശ്വാസംമുട്ടിച്ചുകൊണ്ടിരുന്ന, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗത വിലക്ക് ഇറാൻ പിൻവലിച്ചു. ഇറാന്റെ തുറമുഖങ്ങൾക്കുനേരേയുള്ള ഉപരോധം പിൻവലിക്കുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു കഴിഞ്ഞു. യുദ്ധവിരാമപ്രഖ്യാപന പ്രതീക്ഷയെ തുടർന്ന് ലോകവിപണിയിൽ എണ്ണവില താഴ്ന്നു.എന്നാൽ  ധാരണാപത്രത്തിലെ  വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. ഇത് അന്തിമ കരാറുമല്ല.

ഏറ്റവും പ്രധാനപ്പെട്ട തർക്ക വിഷയമായ ഇറാൻ്റെ ആണവ പദ്ധതി സംബന്ധിച്ച ചർച്ചകളും ഇറാന് എതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ച കാര്യങ്ങളും രണ്ടാംഘട്ടത്തിലായിരിക്കും പരിഗണിക്കുക. ഇറാൻ്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് വിദേശ ബാങ്കുകളിൽ മരവിക്കപ്പെട്ട് കിടക്കുന്ന അവരുടെ നിക്ഷേപങ്ങൾ വിട്ടുകൊടുക്കണം എന്നതാണ്. ആദ്യഘട്ടമായി 2400 കോടി ഡോളർ വിട്ടുതരണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാൽ യുഎസ് അത്  നിഷേധിച്ചിരിക്കുകയാണ്. ധാരണാപത്രം ഒപ്പുവച്ച ശേഷം, പിന്നീട് 60  ദിവസത്തെ ഇടവേളയിൽ ഇറാൻ ആണവപദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ധാരണ. 

ഈ അറുപതുദിവസത്തിനുള്ളിലോ അല്ലെങ്കിൽ പ്രാഥമികകരാർ ഒപ്പിടുന്ന വെള്ളിയാഴ്ചയ്ക്കകംതന്നെയോ സമാധാനപ്രതീക്ഷ തകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു ചില നിരീക്ഷകർ പറയുന്നു. കാരണങ്ങൾ ഇതാണ്. 

1 കാരണങ്ങളിൽ ഒന്ന് ഇസ്രയേലിൻ്റെ നിലപാടാണ്. ഇറാന്റെ സുഹൃദ്‌സംഘമായ ഹിസ്ബുള്ള ഇസ്രയേലിന്റെ കണ്ണിലെ കരടാണ്. ലെബനനും ഹിസ്ബുള്ളയ്ക്കുംനേരേയുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഇറാൻ്റെ ആവശ്യങ്ങളിൽ ഒന്ന്. കരാറിലെ വ്യവസ്ഥ അങ്ങനെയാണ്. എന്നാൽ ഇസ്രയേൽ ഇത് പാലിക്കുമെന്ന് ഉറപ്പില്ല.അത് വെടിനിർത്തൽ ധാരണ അപകടത്തിലാക്കാനുള്ള ഒരു സാധ്യതയാണ്. 

2 യുറേനിയം സമ്പുഷ്ടീകരണംസംബന്ധിച്ച അന്തിമധാരണ കീറാമുട്ടിയാകുമെന്നതാണ് മറ്റൊരു കാര്യം. 

3 വേറൊരു തർക്കവിഷയമാകാനിടയുള്ളത് ഹോർമുസ് കടലിടുക്കാണ്. യുദ്ധത്തിന് മുമ്പ് ഈ കപ്പൽപ്പാത സർവതന്ത്രസ്വതന്ത്രമായിരുന്നു. എന്നാൽ, യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെ ഇറാൻ ഹോർമുസിലൂടെയുള്ള കപ്പൽഗതാഗതത്തിനുമേൽ നിയന്ത്രണംസ്ഥാപിക്കുകയും യുഎസ് താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന കപ്പലുകളെ തടയുമെന്നു പ്രഖ്യാപിക്കുകയുംചെയ്തു. ഈ പാതയ്ക്കുമേൽ തുടർന്നും നിയന്ത്രണം വേണമെന്ന നിലപാടിലാണ് ഇറാൻ ഇപ്പോൾ. യുഎസും ഗൾഫിലെ അറബ് രാജ്യങ്ങളും ഇത് അംഗീകരിക്കാനുള്ള സാധ്യതയില്ല.

ഹോർമൂസ് എന്ന ഇറാനിയൻ  ട്രംകാർഡ്

ദീർഘമായൊരു എണ്ണപ്രതിസന്ധിയുടെ സാധ്യതയിൽനിന്ന് ലോകം വിമോചിതമായി എന്നൊരു  പ്രതീതി ഇപ്പോൾ വന്നു ചേർന്നിട്ടുണ്ട്  അത് വിപണിക്ക് പുത്തൻ ഉണർവും നൽകിയിട്ടുണ്ട്. യുദ്ധകാലത്ത് എണ്ണവില ബാരലിന് 116 ഡോളർ വരെ എത്തിയിരുന്നു.ഖത്തറിലെ റാസ് ലഫാൻ  പ്രകൃതി വാതക പ്ളാൻ്റ് ആക്രമിക്കപ്പെട്ടത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിച്ചു. എൽപിജി വില ഇരട്ടിയായി. യൂറിയ വില 3 ഇരട്ടിയായി. ഹോർമൂസ് അടച്ചതോടെ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതിയാകെ പ്രതിസന്ധിയിലാക്കി. 

ഹോർമൂസ് പിടിച്ചെടുക്കാനുള്ള സൈനിക നടപടിയായ പ്രോജക്ട് ഫ്രീഡത്തിന്  യുഎസ് പദ്ധതിയിട്ടെങ്കിലും ഇറാൻ ഫുജൈറയിൽ മിസൈൽ ഇട്ടതോടെ ആ നീക്കം ഉപേക്ഷിച്ചു. ഫുജൈറയിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്കേൽക്കുകയും വലിയ തീപിടുത്തം ഉണ്ടാകുകയും ചെയ്തു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള യുഎസ് നീക്കങ്ങൾക്കുള്ള കൃത്യമായ താക്കീതായാണ് ഇറാൻ ഫുജൈറയെ ലക്ഷ്യമിട്ടത്. അതോടെ പ്രോജക്ട് ഫ്രീഡം വേണ്ടെന്നു വച്ചു. 

ചൈന സന്ദർശനത്തിനിടെ ഇറാനെ അനുനയിപ്പിക്കാൻ പ്രസിഡൻ്റ് ഷി ചിൻപിങ്ങിനോട്   ട്രംപ് സഹായം തേടി. ഇറാൻ ഏറ്റവും കൂടുതൽ എണ്ണ വിൽക്കുന്ന രാജ്യമാണ് ചൈന. എന്നാൽ ട്രംപിൻ്റെ ആവശ്യം ചിൻപിങ് സ്വീകരിച്ചില്ല. തയ്വാൻ വിഷയത്തിൽ ചൈനക്ക് അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറാൻ വിഷയം പരിഗണിക്കാമെന്ന് ചൈന അറിയിച്ചതോടെ യുഎസ് വെട്ടിലാവുകയാണ് ചെയ്തത്. 

ഇറാനെതിരായ നാവിക ഉപരോധം പാളി ഇറാൻ്റെ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തി ഇറാൻ്റെ എണ്ണ കയറ്റുമതിയെ പിടിച്ചു കെട്ടാനുള്ള യുഎസ്  പദ്ധതിയും പാളിപ്പോയി. യുഎസ് സേനയുടെ ഉപരോധം ഇറാനെ ലക്ഷ്യമിട്ടായിരുന്നു എങ്കിലും അത് ചെന്നുകൊണ്ടത് ഗൾഫിലെ മറ്റു രാജ്യങ്ങളിലാണ്. ഇറാൻ കപ്പലുകളെ തടഞ്ഞാൽ മറ്റുരാജ്യങ്ങളുടെ കയറ്റുമതിയും അനുവദിക്കില്ല എന്ന നിലപാട് ഇറാൻ സ്വീകരിച്ചു. ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാൻ്റെ തീരുമാനത്തെ കൂടുതൽ ശക്തമാക്കാനേ യുഎസ് ഉപരോധം കൊണ്ട് സാധിച്ചുള്ളു. കയറ്റുമതി തടസ്സപ്പെട്ടതോടെ ഗൾഫ് മേഖലയിലെ എണ്ണ ഉൽപാദനം നിലച്ചു.കണക്കുകൾ പ്രകാരം പ്രതിദിനം ഒരുകോടി ബാരൽ എണ്ണ ഉൽപാദനമാണ് നിലച്ചത്. ഇത് ലോക വിപണിയെ മുഴുവൻ പിടിച്ചുലക്കുന്ന സ്ഥിതിയിലേക്ക് വന്നു. 

ട്രംപിന് നഷ്ടക്കച്ചവടമോ? 

എന്തിനായിരുന്നു അമേരിക്ക ഇറാനെ ആക്രമിച്ചത് ? ആ ലക്ഷ്യങ്ങൾ അമേരിക്ക നേടിയോ? പരിശോധിക്കാം


1. ഇറാൻ്റെ ആണവായുധ നിർമാണം തടയുപക

ഇറാൻ ദിവസങ്ങൾക്കുള്ളിൽ അണുവായുധം നിർമിക്കും എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇറാൻ്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നതും ലക്ഷ്യമായിരുന്നു. അണുവായുധം ഉണ്ടാക്കാൻ കഴിയുംവിധത്തിൽ യുറേനിയം സമ്പുഷ്ടീകരിക്കില്ല എന്നാണ് അന്നും ഇന്നും ഇറാൻ്റെ നിലപാട്. മാത്രമല്ല തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുകൊടുക്കില്ല എന്നും ഇറാൻ സംശയ ലേശം ഇല്ലാതെ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇതു വിട്ടുകൊടുക്കണം എന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. കരാറിൻ്റെ രണ്ടാം ഘട്ടത്തിൽ ഇതു സംബന്ധിച്ച ചർച്ച നടത്താമെന്നാണ് നിലവിലെ തീരുമാനം. 

2. ഇറാനിൽ അധികാരമാറ്റം കൊണ്ടിവരിക

ഇറാനിലെ ഷിയാ പൌരോഹിത്യം നേതൃത്വം നൽകുന്ന ഭരണകൂടത്തെ ഇല്ലായ്മ ചെയ്ത് യുഎസിനെ അനുകൂലിക്കുന്ന ഒരു പാവ ഭരണകൂടത്തെ  കൊണ്ടുവരാനും ഇറാനിലെ എണ്ണയുടെ വ്യാപാര നിയന്ത്രണം ചൊൽപ്പടിയിൽ നിർത്താനുമായിരുന്നു യുഎസ് ലക്ഷ്യം. എല്ലാ മുൻനിരനേതാക്ക ളെയും കൊന്നുകളഞ്ഞെങ്കിലും ഇറാനിലെ ഇസ്ളാമിക് റവലൂഷനറി ഗാർഡ് കോർസ്  (ഐആർജിസി) കൂടുതൽ ശക്തമായി പിടിമുറുക്കിയ കാഴ്ചയാണ് ഇറാനിൽ കണ്ടത്.  ഇറാനിൽ നടക്കുന്ന ഏതു തരത്തിലുള്ള പ്രക്ഷോഭങ്ങളേയും ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തിയിരുന്നത് ഐആർജിസിയാണ്. ഇറാനിലെ ഷിയാ പൌരോഹിത്യത്തിനെതിരായ ജനവികാരം മുതലെടുത്ത് ഖമനയി ഭരണകൂടത്തെ അട്ടിമറിക്കാം  എന്നായിരുന്നു അമേരിക്കൻ പ്രതീക്ഷ. ജനം തെരുവിലിറങ്ങുമെന്നും ഭരണമാറ്റം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും യുഎസ് കണക്കുകൂട്ടിയെങ്കിലും അതു തെറ്റി. അതിനു രണ്ട് കാരണങ്ങളുണ്ട് .

യുഎസ് – ഇസ്രയേൽ ആക്രമണത്തെ തുടർന്ന്  ഇറാൻ ദേശീയ ഉണരുതയും തങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തെക്കാൾ പുറത്തു നിന്നു വന്ന് തങ്ങളെ ആക്രമിക്കുന്നവരെ ജനം തള്ളിക്കളയുകയും ചെയ്തു. യുദ്ധം ഒരു ശീലമായ രാജ്യമാണ് ഇറാൻ. അമേരിക്ക അല്ലെങ്കിൽ ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്നും അപ്പോൾ എന്തു ചെയ്യണമെന്നും ഇറാൻ മുൻകൂട്ടി കണ്ടിരുന്നു എന്നാണ് അന്താരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ടാണ് തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനി ഉൾപ്പെടെ  ഭരണ പക്ഷത്തെ  എല്ലാവരും തന്നെ  ഇല്ലാതാക്കിയിട്ടും ഇറാൻ്റെ ഭരണ സംവിധാനം തകരാതെ നിന്നത്. ഇസ്ര യേൽ തങ്ങളുടെ  നേതാക്കളെ വധിച്ചേക്കുമെന്ന് ഇറാൻ കണകൂട്ടിയിരുന്നു, അങ്ങനെ സംഭവിച്ചാൽ എന്തുചെയ്യണമെന്ന പ്രവർത്തന രേഖ മുൻപു തന്നെ തയാറാക്കിയിരുന്നു. 

3. ഇറാൻ്റെ ആയുധ ശേഖരം തകർക്കുകഇറാൻ്റെ ആക്രമണ ശേഷി കുറയ്ക്കാനായി ഇറാൻ്റെ ബാലിസ്റ്റ് മിസൈലുകളുടേയും ഡ്രോണുകളുടേയും ശേഖരം ഇല്ലാതാക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം.  ഇറാൻ്റെ നാവിക സേനയുടേയും വ്യോമസേനയുടേയും ശക്തി ക്ഷയിപ്പിക്കാൻ യുഎസ് ആക്രമണത്തിനായി എന്നത് ശരിയാണ്. എന്നാൽ ഇറാൻ്റെ കരസേനക്കും മിസൈൽ – ഡ്രോൺ ശേഖരത്തിനും കാര്യമായ ക്ഷീണം സംഭവിച്ചില്ല. അവർ ഇപ്പോഴും അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 


4. ഇറാൻ്റെ പ്രോക്സി ഗ്രൂപ്പുകളെ ഇല്ലാതാക്കുക 
ലെബനൻ, ഇറാഖ്. സിറിയ. യെമൻ, പലസ്തീൻ  തുടങ്ങിയ രാജ്യങ്ങളിലെ  വിവിധ സായുധ ഗ്രീപ്പുകൾ പ്രത്യേകിച്ച് ഹിസ്ബുള്ള, ഹമാസ്, ഹൂതി ഗ്രൂപ്പുകൾ ഇസ്രയേലിനു ഭീഷണിയാണെന്നും അത്തരം ഗ്രൂപ്പുകളെ ഇല്ലാതാക്കുക  എന്നതുമായിരുന്നു മറ്റൊരു ലക്ഷ്യം. പലസ്തീൻ ആക്രമണത്തോടെ ഹമാസിൻ്റെ ശക്തി ക്ഷയിപ്പിക്കാൻ ഇസ്രയേലിനു സാധിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട്  ലെബനിൽ ഇസ്രയേൽ ആക്രമണം തടരുകയാണ്. എന്നാൽ ഇറാൻ – യുഎസ് സമാധാനക്കരാറിലെ ഒരു നിബന്ധന ഇസ്രയേൽ ലെബനനിലെ ആക്രമണം അവസാനിപ്പിക്കണം എന്നതാണ്. ഇസ്രയേൽ ഇത് അംഗീകരിച്ചിട്ടില്ല, ഇതിൻ്റെ പേരിൽ ട്രംപ് – നെതന്യാഹു ബന്ധം വഷളായിരിക്കുകയുമാണ്. 


അമേരിക്കക്ക് സംഭവിച്ച നഷ്ടങ്ങൾ 
ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ പ്രസിഡൻ്റിൻ്റെ രാഷ്ട്രീയപരാജയമാണ് ഇറാൻ ആക്രമണം. മാഗാ പ്രസ്ഥാനം അടക്കം ഇറാനുമായുള്ള യുദ്ധം അമേരിക്കൻ ജനത ആഗ്രഹിച്ചിരുന്നില്ല. 

യുദ്ധച്ചെലവായി  11, 277 കോടി യുഎസ് ഡോളർ നഷ്ടമായി. 11, 500 കോടി യുഎസ് ഡോളർ ഇസ്രയേലിനും നഷ്ടമായി. പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.  ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന യുദ്ധ വിരാമക്കരാറിൽ ഇറാന് പല ഇളവുകളും ചെയ്തു കൊടുക്കേണ്ടി വരുന്നു എന്ന പഴിയും ട്രംപിന് കേൾക്കേണ്ടി വരുന്നു. 

യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ലോകം മുഴുവൻ ഇന്ധനവില കുത്തനെ ഉയർന്നു. ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വിലക്കയറ്റം , പണപ്പെരുപ്പം തുടങ്ങിയവ അമേരിക്കയെ പോലും ബാധിച്ചു. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് താൻ നയിക്കുന്നറിപ്പബ്ളിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ട്രംപിന് തോന്നിയിടത്തു നിന്നാണ് യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ട്രംപ് സ്വീകരിക്കുന്നത്. കരാറിൻ്റെ ഭാഗമായി ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുക, ഉപരോധത്തിൽ ഇളവ് വരുത്തുക തുടങ്ങിയ ധാരണകൾക്ക് യുഎസ് സമ്മതിച്ചു എന്ന തരത്തിലാണ് വാർത്തകൾ പുറത്തു വരുന്നത് .ഇത് ട്രംപിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. റിപ്പബ്ളിക്കൻ പാർട്ടിക്കുള്ളിൽ നിന്നു തന്നെ ട്രംപിനു നേരെ ചോദ്യങ്ങൾ ഉയർന്നേക്കാം. കരാറിനെ ശക്തമായി എതിർക്കുന്ന ഇസ്രയേലിനെ അനുനയിപ്പിക്കുക എന്നതും ട്രംപിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇസ്രയേലിൻ്റെ നിർദേശപ്രകാരമാണ് ട്രംപ് യുദ്ധത്തിനിറങ്ങിയത് എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. നെതന്യാഹുവിനാകട്ടെ യുദ്ധം അവസാനിപ്പിക്കാൻ യാതൊരു താൽപര്യവുമില്ല. ഇസ്രയേലിനെ എതിർക്കാൻ യുഎസിന് ഒരിക്കലും സാധിക്കുകയുമില്ല, തിരിച്ചും

പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യകക്ഷികളായ എല്ലാ ഗൾഫ് രാജ്യങ്ങൾക്കും അമേരിക്കയിലുള്ള വിശ്വാസം നഷ്ടമായി എന്നതാണ് മറ്റൊരു കാര്യം. ഒമാൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിക്കൊണ്ടിരിക്കെയാണ് യുഎസ് ഇറാനെ ആക്രമിച്ചത്. ഒറ്റ അറബ് രാജ്യങ്ങളോടു പോലും ചർച്ച നടത്താതെയായിരുന്നു ആക്രമണം. അതിൻ്റെ പരിണതഫലം അനുഭവിച്ചത് മുഴുവൻ അമേരിക്കയുടെ സഖ്യകക്ഷികൾ എന്ന് അവകാശപ്പെട്ടിരുന്ന ഗൾഫ് രാജ്യങ്ങളും. അവരെ സംരക്ഷിക്കാമെന്ന് അവകാശപ്പെട്ട് അമേരിക്ക സ്ഥാപിച്ചിരുന്ന സൈനികതാവളങ്ങൾക്ക് ആ രാജ്യങ്ങൾ സുരക്ഷ  ഒരുക്കേണ്ട ഗതികേട് വന്നു. 

ഇറാനെ അനുനയിപ്പിക്കാൻ ചൈനയുടെ സഹായം തേടിയതും അവർ അത് നിഷേധിച്ചതും അമേരിക്കയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കി. അപ്രധിരോധ്യമായിരുന്ന അമേരിക്കൻ കോട്ടക്കൊത്തങ്ങൾ ഇടിഞ്ഞുവീഴുന്ന കാഴ്ച ലോകം കണ്ടു.  താരിഫിൻ്റെ പേരിൽ അമേരിക്ക അവരുടെ പക്ഷത്തു നിന്നിരുന്ന എല്ലാ രാജ്യങ്ങളേയും വെറുപ്പിച്ചിരുന്നു. പ്രത്യേകിച്ച് യൂറോപ്പിനെ. ഈ ഒരു സാഹചര്യത്തിൽ അമേരിക്ക ലോകത്ത് ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അതിന് പ്രസിഡൻ്റ് ട്രംപ് നൽകിയ – ഇപ്പോളും നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ കുറച്ചൊന്നുമല്ല സഹായിച്ചത്. എല്ലാം ബിസിനസ് കണ്ണിലൂടെ നോക്കികണ്ട ട്രംപ് ഇറാനിലെ എണ്ണ – പ്രകൃതിവാതക – സമ്പത്തിൽ കണ്ണുവച്ചിരുന്നു. ഭരണകൂട അട്ടിമറിയിലൂടെ വെനസ്വേലയെ എന്നപോലെ ഇറാനെ പിടിച്ചെടുക്കാം എന്ന് വ്യാമോഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മോഹം ക്യൂബയേയും ഗ്രീൻലൻ്റിനേയും പോലും ലക്ഷ്യമിടുന്നുണ്ട്. എന്നാൽ യൂറോപ്പിൻ്റേയും യുഎസിന്റേയുമൊക്കെ അപ്രമാദിത്വം അവസാനിച്ചു എന്ന്  കഴിഞ്ഞ ദിവസം നടന്ന ജി 7 ഉച്ഛകോടിയിൽ കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തന്നെ പ്രസ്താവിച്ചു കഴിഞ്ഞു. യുദ്ധക്കൊതി അവസാനിക്കാതെ അമേരിക്ക നടത്തുന്ന അക്രമങ്ങൾ ലോകത്തെ  പല തവണ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.. അത് ഇനിയും തുടരുകയാണ്.  

Iran-US War: Is the Dawn of a Lasting Peace Near Israel iran war donald trump

More Stories from this section

family-dental
witywide