ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെ പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനാർഥി സ്ഥാനത്ത് നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ച യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ തന്നെയാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ കമലയുടെ പേര് നിർദ്ദേശിച്ചത്. മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണിത്. ഇക്കാര്യം അദ്ദേഹം എക്സിൽ കുറിച്ചത്. ബൈഡന്റെ പിൻഗാമിയായി കമല എത്തിയാൽ അമേരിക്കൻ പ്രസിഡന്റ്‌ആകുന്ന ആദ്യ ഇന്ത്യൻ വംശജയാകുമോ എന്നതാണ് കണ്ടറിയേണ്ടത്.
‘എൻ്റെ സഹ ഡെമോക്രാറ്റുകളേ, ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റെന്ന നിലയിലുള്ള എൻ്റെ ചുമതലകളിൽ എൻ്റെ എല്ലാ ഊർജ്ജവും കേന്ദ്രീകരിക്കാനും ഞാൻ തീരുമാനിച്ചു. 2020 ലെ പാർട്ടി നോമിനി എന്ന നിലയിൽ എൻ്റെ ആദ്യ തീരുമാനം കമലാ ഹാരിസിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിത്, ഇന്ന് ഞങ്ങളുടെ പാർട്ടിയുടെ ഈ വർഷത്തെ നോമിനിയായ കമലയ്ക്ക് എൻ്റെ പൂർണ്ണ പിന്തുണയും അംഗീകാരവും വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഡെമോക്രാറ്റുകൾ ഒരുമിച്ച് വന്ന് ട്രംപിനെ തോൽപ്പിക്കാനുള്ള സമയമാണ്. നമുക്ക് അത് ചെയ്യാം’ – അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ എക്‌സിൽ ഇങ്ങനെയാണ് കുറിച്ചത്.
അമേരിക്കയെ ഞെട്ടിക്കുന്ന തീരുമാനമാണ് ഇന്ന് ജോ ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയതായാണ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ എക്സിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നതിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് ബൈഡൻ പിൻവാങ്ങൽ പ്രഖ്യാപിച്ചത്. തന്റെ രാഷ്ട്രീയ വിരമിക്കൽ കൂടിയാണ് അമേരിക്കൻ പ്രസിഡന്റ് നടത്തിയിരിക്കുന്നത്.
പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടാണ് ജോ ബൈഡൻ ഇക്കാര്യം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിലെ ദുർബലമായ പ്രകടനത്തെ തുടർന്ന് സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ ജോ ബൈഡനുമേൽ പാർട്ടിയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു. മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ അടക്കം ബൈഡൻ പിന്മാറുന്നതാണ് നല്ലതെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയിലെ എതിർപ്പ് ശക്തമായതോടെയാണ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്.















