യുഎൻ വേദിയിൽ പ്രഖ്യാപനവുമായി യുഎസ്, ഇറാനുമായി ചർച്ചയ്ക്ക് തയ്യാർ, എന്നാൽ നിബന്ധനകൾ ബാധകം; വെല്ലുവിളിച്ചാൽ തിരിച്ചടിക്കുമെന്ന് പ്രതികരണം

ന്യൂയോർക്ക്: ഇറാനുമായി നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ ഇപ്പോഴും തുറന്നുകിടക്കുകയാണെന്നും എന്നാൽ അതിന് വ്യക്തമായ നിബന്ധനകളുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ യു.എസ് ഡെപ്യൂട്ടി പ്രതിനിധി ടാമി ബ്രൂസ് വ്യക്തമാക്കി. യു.എൻ രക്ഷാസമിതിയുടെ അടിയന്തിര യോഗത്തിൽ സംസാരിക്കവേയാണ് അവർ അമേരിക്കയുടെ നയം വ്യക്തമാക്കിയത്. സമാധാനപരമായ ചർച്ചകൾ സാധ്യമാണെങ്കിലും, സാധാരണക്കാരുടെ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തരുത് എന്നതുപോലുള്ള അടിസ്ഥാനപരമായ കടമകളിൽ നിന്ന് ഇറാൻ പിന്മാറുമ്പോൾ അമേരിക്കയ്ക്ക് ചർച്ചകളുമായി മുന്നോട്ട് പോകാനാകില്ലെന്ന് ടാമി ബ്രൂസ് പറഞ്ഞു.

സാധാരണക്കാരുടെ കേന്ദ്രങ്ങൾക്ക് നേരെയോ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെയോ ഇറാൻ ആക്രമണം നടത്തിയാൽ യു.എസ് ശക്തമായി തിരിച്ചടിക്കുമെന്നും അവർ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് എപ്പോഴും സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്ന് ഡെപ്യൂട്ടി പ്രതിനിധി ഓർമ്മിപ്പിച്ചു.

എന്നാൽ ഇറാൻ അന്താരാഷ്ട്ര നിയമങ്ങളെയും യു.എൻ രക്ഷാസമിതിയുടെ പ്രമേയങ്ങളെയും നിരന്തരം ലംഘിക്കുകയാണ്. ഇത്തരം നഗ്നമായ നിയമലംഘനങ്ങളെ രക്ഷാസമിതിക്ക് എക്കാലവും അവ്യക്തതകളോടെയും തടസ്സവാദങ്ങളോടെയും നോക്കിനിൽക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങൾക്ക് തക്കതായ മറുപടി നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന കടുത്ത സന്ദേശമാണ് യു.എൻ വേദിയിൽ യു.എസ് പ്രതിനിധി നൽകിയത്.

More Stories from this section

family-dental
witywide