“ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാർ വേണ്ട, കുടിയേറ്റം അവസാനിപ്പിക്കണം” – മെൽബണിൽ മോദിക്ക് നേരെ തീവ്ര വലതുപക്ഷക്കാരൻ്റെ വംശീയ അധിക്ഷേപം

മെൽബൺ: ഓസ്‌ട്രേലിയൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ പ്രവർത്തകൻ്റെ വംശീയ അധിക്ഷേപവും പ്രതിഷേധവും. പ്രധാനമന്ത്രി താമസിച്ചിരുന്ന മെൽബണിലെ ആഡംബര ഹോട്ടലിൽ അതിക്രമിച്ചു കയറിയാണ് 22 വയസുകാരനായ ഹ്യൂഗോ ലെനൻ എന്നയാൾ അസഭ്യവർഷം നടത്തിയത്. ഓസ്‌ട്രേലിയൻ മാധ്യമമായ ‘ദി സിഡ്‌നി മോണിംഗ് ഹെറാൾഡ്’ ആണ് ഈ വിവരം പുറത്തുവിട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെൽബണിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ഹോട്ടലിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിലയുറപ്പിച്ച ഹ്യൂഗോ ലെനൻ, താഴെ ലോബിയിലൂടെ പ്രധാനമന്ത്രി നടന്നുപോകുമ്പോൾ ഉറക്കെ അലറിവിളിക്കുകയായിരുന്നു. “ഇത് ഓസ്‌ട്രേലിയയാണ്, ഇനി ഇവിടെ ഇന്ത്യക്കാർ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാർക്കുള്ളതാണ്” എന്നിങ്ങനെയായിരുന്നു ഇയാളുടെ ആക്രോശം. ഉടൻ തന്നെ വിക്ടോറിയൻ പൊലീസ് ഇടപെട്ട് ഇയാളെ ബലം പ്രയോഗിച്ച് അവിടെനിന്നും മാറ്റി. ഇയാൾ തന്നെയാണ് ഈ ദൃശ്യങ്ങൾ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസും പങ്കെടുത്ത മെൽബണിലെ മാർവൽ സ്റ്റേഡിയത്തിന് മുന്നിലും ഇയാൾ പ്രതിഷേധ മാർച്ച് നയിച്ചു. നിയോ-നാസി സംഘടനകളുമായി ബന്ധമുള്ള ഒരു കൂട്ടം ആളുകളുമായാണ് ഇയാൾ സ്റ്റേഡിയത്തിന് മുന്നിലെത്തിയത്. എന്നാൽ സ്റ്റേഡിയത്തിലേക്ക് എത്തിയ മുപ്പതിനായിരത്തോളം വരുന്ന ഇന്ത്യൻ വംശജർ ‘മോദി മോദി’ വിളികളുമായി ഇവരെ നേരിട്ടു. തുടർന്ന് അവിടെയുണ്ടായിരുന്ന ഇന്ത്യൻ വംശജരുടെ ചെണ്ടമേള ഗ്രൂപ്പ് പ്രതിഷേധക്കാർക്ക് മുന്നിലിരുന്ന് ഉറക്കെ മേളം ആരംഭിച്ചതോടെ ഇവരുടെ മുദ്രാവാക്യങ്ങൾ പൂർണ്ണമായും മുങ്ങിപ്പോയി. ഒടുവിൽ ജനക്കൂട്ടത്തിൻ്റെ ആവേശത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഹ്യൂഗോ ലെനനും സംഘത്തിനും അവിടെനിന്നും മടങ്ങേണ്ടി വന്നു.

ഓസ്‌ട്രേലിയയിലെ തീവ്ര വലതുപക്ഷ സ്വാധീനശക്തിയായ ഹ്യൂഗോ ലെനന് കുപ്രസിദ്ധ നിയോ-നാസി ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു രാജ്യത്തിൻ്റെ പ്രധാനമന്ത്രി താമസിക്കുന്ന അതീവ സുരക്ഷയുള്ള ഹോട്ടലിൽ ഇങ്ങനൊരാൾക്ക് എങ്ങനെ കടന്നുകയറാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Modi racially abused in Melbourne

More Stories from this section

family-dental
witywide