
വാഷിംഗ്ടൺ: തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള വധശ്രമമുണ്ടായാൽ ഇറാനെ പൂർണ്ണമായും തകർക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിലേക്ക് ആയിരക്കണക്കിന് മിസൈലുകൾ തൊടുക്കാൻ അമേരിക്കൻ സൈന്യം സജ്ജമാണെന്ന് ട്രംപ് വ്യക്തമാക്കി. തൻ്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇറാന് നേരെ കടുത്ത ഭാഷയിൽ ഭീഷണി മുഴക്കിയത്.
“അമേരിക്കയുടെ നിലവിലെ പ്രസിഡൻ്റിനെ, അതായത് എന്നെ വധിക്കാൻ ഇറാൻ സർക്കാർ മുതിർന്നാൽ, അവർക്ക് നേരെ പ്രയോഗിക്കാൻ ആയിരം മിസൈലുകൾ ഇപ്പോൾ തന്നെ ലക്ഷ്യം വെച്ച് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. തൊട്ടുപിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ വേറെയും എത്തും. ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് ഇറാൻ ഈ വധഭീഷണി ഉയർത്തുന്നുണ്ട്,” ട്രംപ് തൻ്റെ പോസ്റ്റിൽ കുറിച്ചു.
ഇറാനിലെ എല്ലാ പ്രദേശങ്ങളെയും പൂർണ്ണമായി തുടച്ചുനീക്കാൻ യുഎസ് സൈന്യത്തിന് ഇതിനകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സൈന്യം ഇതിനായി പൂർണ്ണ സന്നദ്ധരാണെന്നും ഒരു വർഷത്തേക്ക് പ്രാബല്യമുള്ള ഈ ഉത്തരവ് ആവശ്യമെങ്കിൽ നീട്ടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ്റെ ഭാഗത്തുനിന്നുള്ള വധഭീഷണികളെക്കുറിച്ചുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ ഈ വിവാദ പ്രതികരണം.
Trump responds to Iran’s death threats.















