ആലപ്പുഴ: ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്റെയും സംസ്‌കാരമാണ് ഇന്ന് നടക്കുക.
ആയുഷിന്റെ സംസ്‌കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്താണ്. ഇന്‍ഡോറില്‍ ആയിരുന്ന അച്ഛനും അമ്മയും ഇന്നലെ വൈകിട്ടോടെ എത്തിയിട്ടുണ്ട്.
ദേവാനന്ദിന്റെ സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ വീട്ടില്‍ നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു.
അതേസമയം, പരുക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമെന്നും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നലെവ്യക്തമാക്കിയിരുന്നു. ഇവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും എല്ലാ വിധ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദും അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയ ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് ചോദ്യം ചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. എന്നാല്‍ വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല.