അമേരിക്കയും ഇസ്രയേലും കടന്നാക്രമിച്ചിട്ടും ഇറാൻ്റെ മിസൈൽ ശേഷി തകർക്കാനായില്ല; യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: യു.എസ്. സൈനിക നടപടികൾക്ക് ശേഷവും ഇറാൻ്റെ പക്കൽ വിനാശകരമായ മിസൈൽ ശേഖരവും അത്യാധുനിക ഡ്രോണുകളും അവശേഷിക്കുന്നതായി യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പുതിയ വിലയിരുത്തൽ. ഇറാന് ഇപ്പോഴും ശക്തമായ മിസൈൽ വിക്ഷേപണ ശേഷിയുണ്ടെന്ന് മുതിർന്ന യു.എസ്. ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

യു.എസ്. ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസി ആഴ്ചകൾക്ക് മുൻപ് യു.എസ്. കോൺഗ്രസിന് നൽകിയ റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് പുതിയ വിവരങ്ങൾ. തുടർച്ചയായ വ്യോമാക്രമണങ്ങൾ വഴി ഇറാൻ്റെ സൈനിക ശേഷിക്ക് ഭാഗികമായി കോട്ടം തട്ടിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, മേഖലയിലെ യു.എസ്. സൈന്യത്തിനും സഖ്യകക്ഷികൾക്കും വലിയ ഭീഷണിയുയർത്താൻ തക്കവണ്ണം ആയിരക്കണക്കിന് മിസൈലുകളും വൺ-വേ അറ്റാക്ക് ഡ്രോണുകളും (UAVs) ഇപ്പോഴും ഇറാൻ്റെ പക്കലുണ്ടെന്ന് മറൈൻ ലഫ്റ്റനൻ്റ് ജനറൽ ജെയിംസ് ആഡംസ് വ്യക്തമാക്കി.

ഇറാൻ്റെ പരമ്പരാഗത സൈനിക വ്യൂഹം പഴയ യുദ്ധോപകരണങ്ങൾ കാരണവും പരിമിതമായ പരിശീലനം കാരണവും ദുർബലമാണ്. അതുകൊണ്ടുതന്നെ നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഒളിയാക്രമണങ്ങൾ പോലുള്ള യുദ്ധതന്ത്രങ്ങളിലേക്ക് ടെഹ്റാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യതയെന്നും ജനറൽ ആഡംസ് കൂട്ടിച്ചേർത്തു.

‘ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ’ വരുന്നു?

അതിനിടെ, ഇറാന് എതിരെ യു.എസ്. വീണ്ടും സൈനിക നടപടികൾ ആരംഭിക്കുകയാണെങ്കിൽ ആ ദൗത്യത്തിൻ്റെ പേര് മാറ്റാൻ പ്രതിരോധ മന്ത്രാലയത്തിൽ ആഭ്യന്തര ചർച്ചകൾ നടക്കുന്നുണ്ട്. മുൻപ് നടത്തിയിരുന്ന “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” അവസാനിച്ചതായി ട്രംപ് ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പുതിയ ആക്രമണം ഉണ്ടായാൽ ഈ ദൗത്യം “ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ” എന്ന പേരിലാകും അറിയപ്പെടുകയെന്ന് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഈ ആഴ്ച ആദ്യം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഇൻ്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് എന്നത് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിക്കുന്നു.

US and Israel failed to destroy Iran’s missile capabilities despite US and Israeli attacks: US intelligence report

More Stories from this section

family-dental
witywide