
ഗുരുവായൂര്‍: യുവ അഭിനേതാവും ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാര്‍വതിയുടേയും മകനുമായ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിംഗരായരാണ് വധു. ഗുരുവായൂരിലായിരുന്നു ചടങ്ങുകള്‍. രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.
ഗുരുവായൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ് തുടങ്ങി താരങ്ങള്‍ പങ്കെടുത്തു.
നീലഗിരി സ്വദേശിയായ തരിണി 2019ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തില്‍ തരിണിയും പങ്കെടുത്തിരുന്നു. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ചര്‍ച്ചയായത്.












