
സിയാറ്റിൽ: ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അമേരിക്കയിലെ സിയാറ്റിലിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ ‘വന്ദേമാതരം’ ആലാപനം സംഘടിപ്പിച്ചു. പ്രശസ്ത വയലിൻ വിദ്വാനും ഗ്രാമി അവാർഡ് ജേതാവുമായ ഗണേഷ് രാജഗോപാലൻ്റെയും അദ്ദേഹത്തിൻ്റെ ശിക്ഷ്യരുടേയും നേതൃത്വത്തിലാണ് ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷിക വേളയിൽ ഈ സംഗീതാർച്ചന നടന്നത്. ‘സ്വരയോഗ എൻസെംബിൾ’ വിദ്യാർത്ഥികളാണ് അദ്ദേഹത്തോടൊപ്പം അണിനിരന്നത്.
ചടങ്ങിൻ്റെ ദൃശ്യങ്ങൾ സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചു. കോൺസുലേറ്റ് പരിസരത്ത് ഇത്തരമൊരു സംഗീത വിരുന്ന് ഒരുക്കിയതിന് ഗണേഷ് രാജഗോപാലനും സംഘത്തിനും നന്ദി അറിയിച്ച കോൺസുലേറ്റ്, ഈ പരിപാടി സംഗീതത്തിൻ്റെയും ഗുരു-ശിഷ്യ ബന്ധത്തിൻ്റെയും ഇന്ത്യൻ കരുത്തിൻ്റെയും ആഘോഷമാണെന്ന് വ്യക്തമാക്കി.
പസഫിക് നോർത്ത് വെസ്റ്റിലെ സംഗീത സാന്നിധ്യം
സിയാറ്റിലിലെ ഇന്ത്യൻ ക്ലാസിക്കൽ സംഗീത മേഖലയുമായി ഗണേഷ് രാജഗോപാലന് ദീർഘകാലത്തെ ബന്ധമുണ്ട്. 2015-ൽ വാഷിംഗ്ടണിലെ ബെല്ലെവ്യൂവിലേക്ക് താമസം മാറിയ അദ്ദേഹം പസഫിക് നോർത്ത് വെസ്റ്റ് മേഖലയിൽ കർണാടക സംഗീതം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും സജീവമാണ്.
പ്രശസ്ത ഗിറ്റാറിസ്റ്റ് ജോൺ മക്ലോഗ്ലിൻ സ്ഥാപിച്ച ഇൻഡോ-ജാസ് ഫ്യൂഷൻ ഗ്രൂപ്പായ ‘ശക്തി’യിലെ അംഗം കൂടിയാണ് രാജഗോപാലൻ. തബല വിദ്വാൻ സക്കീർ ഹുസൈൻ, ഗായകൻ ശങ്കർ മഹാദേവൻ, പെർക്കുഷനിസ്റ്റ് വി. സെൽവഗണേഷ് എന്നിവരടങ്ങുന്ന പ്രശസ്തമായ നിരയോടൊപ്പം 2019 ലാണ് അദ്ദേഹം ചേർന്നത്.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിൻ്റെയും ജാസിൻ്റെയും സമന്വയമായ ‘ദിസ് മൊമെന്റ്’ എന്ന ആൽബത്തിലൂടെ 2024-ൽ ‘ശക്തി’ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയിരുന്നു. തുടർന്ന് 2026-ലെ ഗ്രാമി അവാർഡിലും ‘മൈൻഡ് എക്സ്പ്ലോഷൻ’, ‘ശ്രീനീസ് ഡ്രീം’ എന്നീ ആൽബങ്ങളിലൂടെ ഈ ഗ്രൂപ്പിന് രണ്ട് നാമനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജഗോപാലന് കേന്ദ്ര സർക്കാരിൻ്റെ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.
2026-ൽ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ ചെങ്കോട്ട
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വന്ദേമാതരത്തിൻ്റെ 150-ാം വർഷത്തിൽ രാജ്യം ഒരു വലിയ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ചരിത്രത്തിലാദ്യമായി ഇത്തവണ ചെങ്കോട്ടയുടെ മുൻഭാഗത്തുനിന്ന് വന്ദേമാതരം ആലപിക്കപ്പെടും.
ആഗസ്റ്റ് 15-ന് നടക്കുന്ന 80-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങിലേക്ക് പ്രധാനമന്ത്രി എത്തുമ്പോൾ വന്ദേമാതരം ആലപിക്കുകയും, അതിനുശേഷം അദ്ദേഹം ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ഇത്തവണത്തെ ചടങ്ങിൽ പുതിയ തലമുറയ്ക്ക് (ജെൻ സി) വലിയ പ്രാധാന്യമാണ് നൽകുന്നത്. വിവിധ മേഖലകളിൽ മികവ് പുലർത്തിയ യുവ വിദ്യാർത്ഥികൾക്ക് ചെങ്കോട്ടയിലെ പ്രധാന വേദിക്കരികിൽ തന്നെ പ്രത്യേക സ്ഥാനം നൽകും.
150th anniversary of Vande Mataram: Grammy star Ganesh Rajagopalan’s musical feast in Seattle















