ഭീതിയുടെ മുനമ്പിൽ 137 ജീവനുകൾ: എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനത്തിൻ്റെ നിയന്ത്രണം പോയത് 4 സെക്കൻഡ്; അപകടത്തിന് കാരണം വൻ സാങ്കേതിക തകരാറെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഓഗസ്റ്റ് 4-ന് ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്നതിനിടെ ആകാശത്ത് വെച്ച് പെട്ടെന്ന് താഴേക്ക് പതിച്ച എയർ ഇന്ത്യ വിമാനത്തിൻ്റെ നിയന്ത്രണം നാല് സെക്കൻഡോളം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നതായി വിമാന നിർമ്മാതാക്കളായ എയർബസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) പരിശോധിച്ച ശേഷം എയർബസ് വ്യക്തമാക്കി.

ഓഗസ്റ്റ് 4-ന് 137 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയുടെ AI 2379 (എയർബസ് എ320) വിമാനമാണ് ആകാശത്ത് വെച്ച് പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചത്. കടുത്ത വായുചലനമാണ് അപകടത്തിന് കാരണമായതെന്നായിരുന്നു എയർ ഇന്ത്യയുടെ ആദ്യ വിശദീകരണം. എന്നാൽ സാങ്കേതിക തകരാറുകളാണ് വില്ലനായതെന്ന് എയർബസിൻ്റെ കണ്ടെത്തലോടെ വ്യക്തമായി. അപകടത്തിൽ 20 യാത്രക്കാർക്കും 4 ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനത്തിൻ്റെ ദിശയും ഉയരവും നിയന്ത്രിക്കുന്ന ‘എലിവേറ്ററുകളും’ ‘എയ്‌ലറോണുകളും’ നാല് സെക്കൻഡോളം പ്രവർത്തിച്ചില്ല. ഇതോടെ വിമാനത്തിൻ്റെ ഓട്ടോപൈലറ്റ് സംവിധാനവും തനിയെ ഓഫായി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് മുതൽ മൂന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനത്തിലെ കമ്പ്യൂട്ടർ സംവിധാനം 11 അപകട മുന്നറിയിപ്പുകൾ രേഖപ്പെടുത്തി. വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിനിടയിൽ വിമാനത്തിൻ്റെ മുൻഭാഗം കുത്തനെ താഴേക്ക് താഴ്ത്താനുള്ള ഒരു കമാൻഡ് കമ്പ്യൂട്ടറിന് ലഭിച്ചതായും എയർബസ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സാങ്കേതിക തകരാറുകൾക്ക് പുറമെ, വിമാനത്തിലെ മുഖ്യ പൈലറ്റ് (ക്യാപ്റ്റൻ) ലഹരി പരിശോധനയിൽ പരാജയപ്പെട്ടതും വ്യോമയാന മന്ത്രാലയത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പരിശോധനയിൽ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. എന്നാൽ പൈലറ്റിൻ്റെ അശ്രദ്ധയാണോ അപകടത്തിന് കാരണമായതെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയും അന്വേഷണം പൂർത്തിയാകുന്നത് വരെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തങ്ങളുടെ മുഴുവൻ പൈലറ്റുമാർക്കും നിർബന്ധിത ഡോപ്പ് ടെസ്റ്റ് (ലഹരി പരിശോധന) ഏർപ്പെടുത്താൻ എയർ ഇന്ത്യ ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിൻ്റെ സെൻസറുകളും മറ്റ് സാങ്കേതിക വശങ്ങളും അടിയന്തരമായി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാൻ എയർബസ് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.

Air India Phuket-Delhi flight lost control for 4 seconds; Report says major technical glitch was the cause of the accident

More Stories from this section

family-dental
witywide