
വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ഒറ്റപ്പെടുത്താനും രാജ്യത്തെ തുറമുഖങ്ങൾ ഉപരോധിക്കാനും കടുത്ത നീക്കങ്ങളുമായി അമേരിക്ക. ചരിത്രത്തിൽ ഇന്നേവരെ ഒരു രാജ്യത്തിന് നേരെയും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള കർശനമായ സാമ്പത്തിക അടിച്ചമർത്തൽ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സൻ്റ് വ്യക്തമാക്കി.
മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബെസ്സൻ്റ് അമേരിക്കയുടെ പുതിയ നീക്കങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും. ലോകം ഇതുവരെ കാണാത്ത സാമ്പത്തിക ഉപരോധവും ഹോർമുസ് കടലിടുക്കിലെ കർശന നിയന്ത്രണങ്ങളും ഒരേസമയം നടപ്പിലാക്കാനാണ് അമേരിക്കൻ പദ്ധതി. ഇതോടെ ഇറാൻ്റെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.
നിലവിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിൽ താൽക്കാലിക വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, പ്രതിസന്ധി മറികടന്ന് വില ഉടൻ തന്നെ താഴേക്ക് കൊണ്ടുവരുമെന്നും ട്രഷറി സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനെ സാമ്പത്തികമായി പൂർണ്ണമായും ശ്വാസം മുട്ടിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. കടുത്ത പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഇറാൻ്റെ നീക്കങ്ങൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി.
അതിനിടെ, ഇറാൻ്റെ ഷഹർ ബാങ്കിനെ രഹസ്യമായി കോടിക്കണക്കിന് ഡോളർ കൈമാറാൻ സഹായിച്ച വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാൻ്റെ നിഴൽ ബാങ്കിംഗ് സംവിധാനത്തെ തകർക്കാൻ ലക്ഷ്യമിട്ട് ഈ വർഷം അമേരിക്ക ഏർപ്പെടുത്തുന്ന എട്ടാമത്തെ വലിയ ഉപരോധമാണിത്.
US will apply “never-seen-before” measures against Iran; Treasury Secretary says ports will be blockaded















