ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻ്റെ 84-ാം വാർഷികം ആചരിച്ച് ഐ.ഒ.സി; അഡ്വ. ജെയ്സൺ ജോസഫിന് ആദരം

ന്യൂജേഴ്‌സി: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്റർ – റോക്ക്‌ലാൻഡിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൻ്റെ 84-ാം വാർഷികം വിപുലമായി ആചരിച്ചു. 1942 ഓഗസ്റ്റ് 9-ന് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചരിത്രപ്രസിദ്ധമായ അഹിംസാ പോരാട്ടത്തിൻ്റെ ഓർമ്മ പുതുക്കിയ ചടങ്ങിൽ, പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി വൈസ് പ്രസിഡന്റും വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ. ജെയ്‌സൺ ജോസഫിനെ വിശിഷ്ട‌ സേവനത്തിന് ആദരിച്ചു.

‘ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിർണ്ണായക അധ്യായമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം,’ ഐ.ഒ.സി കേരള റോക്ക്‌ലാൻ്റ് പ്രസിഡൻ്റ് ഷൈമി ജേക്കബ് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയ്ക്കായി ജീവൻ അർപ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെയും മഹാത്മാഗാന്ധിയെയും ചടങ്ങിൽ സ്മരിച്ചു.

ഐ.ഒ.സി റോലാൻഡ് പ്രസിഡൻ്റ് ഷൈമി ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ന്യൂജേഴ്‌സി ചാപ്റ്റർ പ്രസിഡൻ്റ് ജെയിംസ് ജോർജ്, മുതിർന്ന നേതാക്കളായ സാജു പൗലോസ്, ഷാജി സാമുവൽ എന്നിവരും മറ്റ് ഭാരവാഹികളും പങ്കെടുത്തു.

ചടങ്ങിലെ മുഖ്യപ്രഭാഷണത്തിൽ, സമൂഹത്തിൽ വർധിച്ചുവരുന്ന അനീതികൾക്കും ദോഷകരമായ ശക്തികൾക്കുമെതിരെ ഒന്നിച്ചുനിൽക്കാൻ അഡ്വ. ജെയ്‌സൺ ജോസഫ് ആഹ്വാനം ചെയ്‌തു. നമ്മുടെ സമൂഹത്തിന് കഴിവുറ്റ പ്രൊഫഷണലുകളെ മാത്രമല്ല, സ്വന്തം വേരുകളുമായി ബന്ധം നിലനിർത്തുകയും സേവനത്തിന്റെ മൂല്യം മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തികളെക്കൂടിയാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് അറിയപ്പെടുന്നവരും അറിയപ്പെടാത്തതുമായ പോരാളികൾക്ക് അദ്ദേഹം ആദരവ് അർപ്പിച്ചു. ഓഗസ്റ്റ് 15-ന് ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, 1942-ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യമെന്ന സ്വ‌പ്നം യാഥാർത്ഥ്യമാക്കിയ സാധാരണക്കാരായ ജനങ്ങളുടെ ത്യാഗം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ-അമേരിക്ക സൗഹൃദം ശക്തമാക്കാനും ജനാധിപത്യ മൂല്യങ്ങൾ വരുംതലമുറയ്ക്ക് പകർന്നുനൽകാനും പ്രവാസി മലയാളികളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ഐ.ഒ.സി യു.എസ്.എ വൈസ് ചെയർമാൻ ജോർജ് എബ്രഹാം, ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ പോൾ കറുകപ്പള്ളി, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻ്റ് നോഹ ജോർജ് എന്നിവർ ടെലിഫോൺ വഴി ആശംസകൾ അറിയിച്ചു.

റ്റീനെക്കിലെ ‘ടേസ്റ്റ് ഓഫ് ഇന്ത്യ’യിൽ നടന്ന ഐ.ഒ.സി അംഗങ്ങളുടെ യോഗത്തിനും സ്നേഹവിരുന്നിനും ശേഷമാണ് പരിപാടികൾ അവസാനിച്ചത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഐ.ഒ.സി കേരള ചാപ്റ്റർ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

IOC celebrates 84th anniversary of Quit India Movement; pays tribute to Adv. Jason Joseph

More Stories from this section

family-dental
witywide