
ചൊവ്വാഴ്ച ഫിലാഡല്‍ഫിയയിലെ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചൂടേറിയ ആദ്യ സംവാദത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കമലയുടെ കമ്മല്‍!.
എക്‌സിലെ നിരവധി ഉപയോക്താക്കള്‍ കമലയുടെ കമ്മലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു. കമലയുടേത് സാധാരണ കമ്മലുകളല്ലെന്നും ബ്ലൂടൂത്ത് ഘടിപ്പിച്ച വയര്‍ലെസ് ഇയര്‍ഫോണാണെന്നും ‘വിരുതന്മാര്‍’ കണ്ടെത്തി. പലരും, പ്രത്യേകിച്ച് ട്രംപിന്റെ അനുയായികള്‍, കമ്മലുകള്‍ ഇയര്‍ഫോണുകളാകാമെന്ന് അവകാശപ്പെട്ടു. സംവാദത്തിനിടെ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കാന്‍ അവ ഉപയോഗിച്ചിരിക്കാമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സ്‌റ്റൈലിഷ് ആക്‌സസറിയായി തോന്നുന്ന, ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ നോവ എച്ച്1 ഓഡിയോ കമ്മലിനോട് സാമ്യമുള്ളതാണ് കമലയുടെ കമ്മലുകളെന്നാണ് സൈബറിടത്തിന്റെ കണ്ടെത്തല്‍. സംവാദത്തില്‍ ട്രംപിനൊപ്പം കമല പിടിച്ചുനിന്നത് ഈ കമ്മലുകള്‍ വഴി ലഭിച്ച നിര്‍ദേശങ്ങള്‍ക്കാരണമാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഈ വയര്‍ലെസ് ഇയര്‍ പീസുകളിലൂടെ ആശയവിനിമയം വളരെ എളുപ്പമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, കമലാ ഹാരിസ് ധരിച്ചത് നോവയുടെ ഡിവൈസ് അല്ല, പകരം ടിഫാനി ഹാര്‍ഡ്വെയര്‍ പേള്‍ കമ്മലായിരിക്കാമെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടു. നോവ എച്ച് 1 ഓഡിയോ കമ്മലുകളില്‍ നിന്ന് ടിഫാനി ഹാര്‍ഡ്വെയര്‍ പേള്‍ കമ്മലിനെ വ്യത്യസ്തമാക്കുന്ന സൂക്ഷ്മമായ ഡിസൈന്‍ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ വാദം ഉയര്‍ന്നത്. ഹാരിസ് ധരിച്ചിരുന്നതിന് സമാനമായ ടിഫാനി കമ്മലുകളുടെ ചിത്രം ഒരു ഉപയോക്താവ് പങ്കിടുകകൂടി ചെയ്തപ്പോള്‍ ചര്‍ച്ച ആ വഴിക്കായി. 3,300 ഡോളറിന് മുകളിലാണ് ഇവയുടെ വിലയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ കമ്മലുകള്‍ കമല ഹാരിസ് ആദ്യമായല്ല ധരിച്ചതെന്നും ഇടക്കിടെ ധരിക്കാറുണ്ടെന്നും ചിലര്‍ കണ്ടെത്തി. 2020ല്‍ ബൈഡനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിലും ബൈഡന്‍ ബ്ലൂ ടൂത്ത് ഉള്ള ഇയര്‍പീസ് ധരിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് ആരോപണത്തെ ബൈഡന്‍ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.













