കുരങ്ങുപനി: അതീവ ജാഗ്രതയില്‍ ഇന്ത്യ; വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കി

ന്യൂഡല്‍ഹി: ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന കുരങ്ങുപനി (എംപോക്‌സ്) യില്‍ അതീവ ജാഗ്രതയുമായി ഇന്ത്യയും. കുരങ്ങുപനി ലക്ഷണങ്ങളുള്ള ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കുറിച്ച് ജാഗ്രത പാലിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും, ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും അതിര്‍ത്തികളിലെ അധികൃതരേയും കേന്ദ്രം അറിയിച്ചു.

എംപോക്‌സ് രോഗികളെ ക്വാറന്റൈന്‍ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡല്‍ഹിയിലെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളെ തിരഞ്ഞെടുത്തു. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് ഹോസ്പിറ്റല്‍ എന്നിവയിലാണ് ഇവര്‍ക്കായുള്ള ചികിത്സ ലഭ്യമാക്കുക. സാഹചര്യം കൈകാര്യം ചെയ്യാന്‍ ആശുപത്രി സംവിധാനങ്ങളടക്കം തയ്യാറായിരിക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡല്‍ സെന്ററുകളാക്കുകയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയും വേണം.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ എം.പി.ഒ.ക്‌സിന് വേണ്ടിയുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാന്‍ ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. അതേസമയം, നിലവില്‍ രാജ്യത്ത് നിന്ന് ഒരു എംപോക്‌സ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗത്തിന്റെ വ്യാപനവും തീവ്രതയും കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന എംപോക്‌സ് വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide