
ബീജിംഗ്: തായ്‌വാൻ വിഷയത്തിലുള്ള ചൈനയുടെ നിലപാട് അമേരിക്കൻ പ്രസിഡന്റ് ണാൾഡ് ട്രംപിന് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് ഇ. പ്രസിഡന്റ് ട്രംപും ഷി ജിൻപിംഗും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് പിന്നാലെ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തായ്‌വാൻ സ്വതന്ത്രമാകാനുള്ള നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹത്തെപ്പോലെ അമേരിക്കയും പിന്തുണയ്ക്കുന്നില്ലെന്നാണ് കൂടിക്കാഴ്ചയിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് വാങ് ഇ പറഞ്ഞു. ചൈന-അമേരിക്ക ബന്ധത്തിലെ ഏറ്റവും നിർണ്ണായകമായ വിഷയമാണിതെന്നും, ‘ഏക ചൈന’ (One-China) നയം അമേരിക്ക പൂർണ്ണമായും പാലിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തായ്‌വാൻ വിഷയത്തിൽ ചൈനയ്ക്ക് താൻ യാതൊരുവിധ വാഗ്ദാനങ്ങളും നൽകിയിട്ടില്ലെന്ന് എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. തായ്‌വാൻ സ്വയംഭരണാധികാരമുള്ള ജനാധിപത്യ രാജ്യമാണെന്നും തായ്‌വാൻ നയത്തിൽ മാറ്റമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും സമാനമായ നിലപാടാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
അമേരിക്കയും ചൈനയും തമ്മിലുള്ള ചർച്ചകളെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയുമായി തങ്ങൾ നല്ല ആശയവിനിമയം നടത്തുന്നുണ്ടെന്നും, പതിറ്റാണ്ടുകളായി വിവിധ ഭരണകൂടങ്ങൾ പിന്തുടരുന്ന തായ്‌വാൻ നയം അമേരിക്ക മാറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്നും തായ്‌വാൻ വ്യക്തമാക്കി.
തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്ന് ചൈന അവകാശപ്പെടുമ്പോഴും, അമേരിക്ക തായ്‌വാനുമായി ശക്തമായ അനൗദ്യോഗിക ബന്ധവും ആയുധ ഇടപാടുകളും തുടർന്നുപോരുന്നുണ്ട്.












