അടച്ചുറപ്പുള്ള വീട് ഇനി സ്വപ്‌നമല്ല : മഞ്ജിമക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷന്‍

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി അസോസിയേഷന്‍ ആയ നവ കേരള മലയാളി അസോസിയേഷന്‍ മൂന്നു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളി മനസ്സുകളില്‍ നിറസാന്നിധ്യമാണ്. ഒട്ടേറെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്ന നവ കേരള മലയാളി അസോസിയേഷന്‍ രൂപീകൃതമായി മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വര്‍ഷത്തില്‍ മൂന്ന് നിര്‍ധന കുട്ടികള്‍ക്ക് കൈത്താങ്ങായി മാറുകയാണ്.

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമക്കാണ് നവകേരള മലയാളി അസോസിയേഷന്റെ ആദ്യത്തെ കൈത്താങ്ങ്. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയെ ആദരിക്കാന്‍ സ്‌കൂള്‍ പിടിഎ അധികൃതരും ക്ലാസ് ടീച്ചേഴ്‌സും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിത പൂര്‍ണമായ ജീവിതം മനസിലാക്കാന്‍ സാധിച്ചത്.

പഠനത്തില്‍ മിടുക്കിയായ മഞ്ജിമയെ കുറിച്ച് നൂറ് നാവാണ് ക്ലാസിലെ മറ്റു ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും. ക്ലാസ് ടീച്ചര്‍ ആയിരുന്ന വിധു നഹര്‍ ആണ് മഞ്ജിമയുടെ വീടിന്റെ അവസ്ഥ നവ കേരള മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി പങ്കുവെച്ചത്.

മഞ്ജിമയുടെ ജീവിത സാഹചര്യം മനസ്സിലാക്കി നവ കേരള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആദ്യത്തെ വീട് മഞ്ജിമക്കുതന്നെ പണിത് നല്‍കുവാന്‍ തീരുമാനിക്കുകയും ഈ വിവരം നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറര്‍ സൈമണ്‍ പാറത്താഴം അവരെ അറിയിക്കുകയും ചെയ്തു.

നവ കേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുശീല്‍ നാലക്കത്ത് ജൂണില്‍ തന്നെ വീടിന് തറക്കല്‍ ഇട്ട് പണി ആരംഭിക്കും എന്നും അറിയിച്ചു. സൗത്ത് ഫ്‌ളോറിഡയിലെ അമേരിക്കന്‍ മലയാളി മനസ്സുകളില്‍ അര്‍പ്പണബോധത്തോടും ആത്മാര്‍ത്ഥതയോടും ഉത്തരവാദിത്വവും പ്രവര്‍ത്തിക്കുന്ന നവകേരള എന്നും ജന്മനാടായ കേരളത്തിനും അമേരിക്കന്‍ മലയാളി സമൂഹത്തിനും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുവാന്‍ സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്.

ഇനിയും പ്രതിസന്ധികളെ തരണം ചെയ്ത് മുന്‍കാല പ്രവര്‍ത്തകര്‍ തെളിയിച്ച വഴിയിലൂടെ അവര്‍ നിര്‍ദ്ദേശിക്കുന്ന ഉപദേശങ്ങള്‍ ശിരസാവഹിച്ച് അര്‍പ്പണമനാഭാവത്തോടും പ്രവര്‍ത്തിക്കുകയാണ് നവ കേരള മലയാളി അസോസിയേഷന്റെ ലക്ഷ്യം എന്നും അതിനായി എല്ലാ പ്രവര്‍ത്തകരുടെയും സഹകരണങ്ങളും പിന്തുണയും ഉണ്ടാവണമെന്ന് സെക്രട്ടറി ലിജോ പണിക്കര്‍ ആവശ്യപ്പെട്ടു.