ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യൻ സർക്കാരിന്റെ പങ്ക് അന്വേഷിക്കുമെന്ന് കാനഡ

ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിട്ട് ഏഴ് മാസത്തിലേറെയായി. കഴിഞ്ഞദിവസം നിജ്ജാറിനെ കൊലപ്പെടുത്തിയ കുറ്റത്തിന് മൂന്ന് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഇ​ന്ത്യ​ൻ സർക്കാരിന് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യം അ​ന്വേ​ഷിക്കുമെന്ന് ‘ദ ​റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പൊ​ലീ​സ്’ (ആ​ർ.​സി.​എം.​പി) വ്യ​ക്ത​മാ​ക്കി.

“അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല. ഈ നരഹത്യയിൽ പങ്കുവഹിച്ച വേറെയും ആളുകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, അവരെ ഓരോരുത്തരെയും കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ”ഐഎച്ച്ഐടിയുടെ ചാർജ് ഓഫീസർ സൂപ്രണ്ട് മൻദീപ് മൂക്കർ പറഞ്ഞു.

“ഈ കാര്യങ്ങളിൽ പ്രത്യേകവും വ്യത്യസ്‌തവുമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്, തീർച്ചയായും ഇന്ന് അറസ്റ്റിലായ ആളുകളുടെ പങ്കാളിത്തത്തിൽ മാത്രം പരിമിതപ്പെടുന്നില്ല. ഇന്ത്യാ ഗവൺമെൻ്റിന് പങ്കുണ്ടോ എന്നും അന്വേഷിക്കും,” ‘ദ ​റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പൊ​ലീ​സ്’ (ആ​ർ.​സി.​എം.​പി) വ്യ​ക്ത​മാ​ക്കി.

ഇന്ത്യൻ സ്വദേശികളായ കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവ‍ർ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലെത്തിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, നിജ്ജാറിനെ കൊലപ്പെടുത്തിയതിലെ പ്രാഥമിക അന്വേഷണ കണ്ടെത്തലുകൾ കാനഡയുടെ ആഭ്യന്തര കാര്യമായി മാത്രമേ കണക്കാക്കുന്നുള്ളൂ എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

കേസിൽ അറസ്റ്റിലായ ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ച് ബന്ധപ്പെട്ട കനേഡിയൻ അധികൃതരിൽ നിന്ന് പതിവായി അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ പ്രസ്താവനയിൽ പറഞ്ഞു.