
ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിന് നേരിട്ടുള്ള ചർച്ചയ്ക്കായി തുറന്ന കത്തയച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. യൂറോപ്പിലെ യുദ്ധത്തിലേക്ക് അമേരിക്കയുടെ ശ്രദ്ധ വീണ്ടും തിരിച്ചെത്തുന്നത് വരെ വെറുതെ കാത്തിരിക്കുന്നത് തെറ്റാണെന്നും, യുക്രെയ്നും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഇടപെടലിലൂടെ മാത്രമേ സമാധാനം കൈവരിക്കാനാകൂ എന്നും കത്തിൽ സെലൻസ്കി വ്യക്തമാക്കി.
ചർച്ചകൾ നടക്കുന്ന സമയമത്രയും പൂർണ്ണമായ വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദ്ദേശം പുടിൻ തള്ളിക്കളഞ്ഞു. ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് നന്നായിരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ ചൂണ്ടിക്കാട്ടി, കടുത്ത ഭാഷയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. “26 വർഷത്തെ ഭരണത്തിന് ശേഷം പ്രായം പുടിനെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു” എന്ന് സെലൻസ്കി കത്തിൽ പരിഹസിച്ചു.
എന്നാൽ സെലൻസ്കിക്ക് പുടിനെ കാണണമെങ്കിൽ മോസ്കോയിലേക്ക് വരാമെന്നാണ് ക്രെംലിൻ ഇതിന് മറുപടി നൽകിയത്. അമേരിക്കയുടെ ശ്രദ്ധ ഇപ്പോൾ പൂർണ്ണമായും ഇറാന്റെ മേലാണെന്ന് യുക്രെയ്ൻ പരസ്യമായി സമ്മതിച്ചതാണ് ഈ കത്തിലെ ശ്രദ്ധേയമായ കാര്യം. ട്രംപ് ഇറാൻ വിഷയത്തിൽ തിരക്കിലായതിനാൽ, യുക്രെയ്നെക്കൊണ്ട് ഭൂമി വിട്ടുനൽകാൻ സമ്മതിപ്പിക്കാൻ യൂറോപ്യൻ യൂണിയന് സാധിക്കുമെന്ന് സെൻ്റ് പീറ്റേഴ്സ്ബർഗിൽ വിദേശ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പുടിൻ സൂചിപ്പിച്ചു.
റഷ്യ ഭാഗികമായി കൈവശപ്പെടുത്തിയ നാല് പ്രദേശങ്ങൾ (ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേർസൺ, സപ്പോരിജിയ) യുക്രെയ്ൻ വിട്ടുനൽകണമെന്നും നാറ്റോയിൽ ചേരാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നുമാണ് റഷ്യയുടെ പ്രധാന ആവശ്യം. എന്നാൽ ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ യുക്രെയ്ൻ ഉറച്ചുനിൽക്കുകയാണ്. യുക്രെയ്നിലെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ, ഇന്ധനക്ഷാമം, വിലക്കയറ്റം എന്നിവ കാരണം റഷ്യൻ ജനതയും യുദ്ധത്തിൽ മടുത്തുവെന്ന് സെലൻസ്കി കത്തിൽ ഓർമ്മിപ്പിച്ചു. സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ തുർക്കി പോലുള്ള രാജ്യങ്ങളിൽ വെച്ച് നേരിട്ടുള്ള ചർച്ചകൾ നടത്താമെന്നാണ് യുക്രെയ്ൻ നിർദ്ദേശിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഗൗരവമേറിയ നിർദ്ദേശമാണിതെന്നും റഷ്യയിൽ നിന്ന് അർത്ഥവത്തായ പ്രതികരണം പ്രതീക്ഷിക്കുന്നതായും യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. എന്നാൽ, ഒരു കൂടിക്കാഴ്ചയോ കരാറോ സാധ്യമാകുമോ എന്ന കാര്യത്തിൽ പുടിൻ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.
Zelensky sends letter to Putin for direct talks: Russia rejects ceasefire demand















