
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്താനും തന്റെ യുദ്ധാധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുമുള്ള യു.എസ് ജനപ്രതിനിധി സഭയുടെ നീക്കത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സഭ പാസാക്കിയ പ്രമേയം തികച്ചും അർത്ഥശൂന്യമാണെന്നും ജനപ്രതിനിധികളുടെ ഈ നീക്കം ‘ദേശവിരുദ്ധം’ ആണെന്നും ട്രംപ് തുറന്നടിച്ചു.
ഇറാനുമായി ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനോ സൈനിക ശക്തി ഉപയോഗിക്കാനോ കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതി വേണമെന്നും, പ്രസിഡന്റിന് സ്വന്തം നിലയിൽ ആക്രമണം തുടരാൻ കഴിയില്ലെന്നുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നത്.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇതിനെതിരെ രംഗത്തെത്തിയത്: “ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള എന്റെ അന്തിമ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്, ഇന്നലെ നടന്ന തികച്ചും അർത്ഥശൂന്യമായ വോട്ടെടുപ്പിലൂടെ ജനപ്രതിനിധി സഭ എന്റെ യുദ്ധാധികാരങ്ങളെ പരിമിതപ്പെടുത്താൻ വോട്ട് ചെയ്തത്. 4 മോശം റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ചേർന്നാണ് ഇത് ചെയ്തത്. ഇത്തരം ഒരു ദേശവിരുദ്ധമായ കാര്യം ആർക്കാണ് ചെയ്യാൻ കഴിയുക? സമാധാന ചർച്ചകൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് അവർക്ക് നന്നായി അറിയാം.”
തന്റെ രാഷ്ട്രീയ എതിരാളികൾ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും ട്രംപ് ആരോപിച്ചു. “ഡെമോക്രാറ്റുകളെ നയിക്കുന്നത് ട്രംപ് വിരുദ്ധ രോഗമാണ്. എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വൻ വിജയങ്ങളിലൊന്ന് കൂടി അംഗീകരിച്ചു തരുന്നതിനേക്കാൾ, നമ്മുടെ രാജ്യം പരാജയപ്പെടുന്നത് കാണാനാണ് അവർക്ക് താല്പര്യം,” ട്രംപ് കൂട്ടിച്ചേർത്തു. പ്രമേയത്തെ അനുകൂലിച്ച സ്വന്തം പാർട്ടിയിലെ 4 റിപ്പബ്ലിക്കൻ പ്രതിനിധികൾ വെറും ജനശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണെന്നും അവർ സ്വയം നാണിക്കണമെന്നും ട്രംപ് ആക്രോശിച്ചു.
ഇറാനുമായുള്ള യുദ്ധവും സമുദ്ര ഉപരോധവും പശ്ചിമേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടയിൽ, അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ തന്നെയുള്ള ആഭ്യന്തര രാഷ്ട്രീയ ഭിന്നതകൾ ഈ പുതിയ പ്രമേയത്തോടെ കൂടുതൽ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.















