ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്‍റെ മോചന കാര്യത്തിൽ നിലപാട് കടുപ്പിച്ച് ബംഗ്ലാദേശ് സർക്കാർ. കൃഷ്ണദാസിന് ജാമ്യം നൽകാനാകില്ലെന്ന് ഉറച്ച നിലപാട് സർക്കാർ സ്വീകരിച്ചതോടെ ജാമ്യം തേടിയുള്ള അപേക്ഷ കോടതി തള്ളി. കൃഷ്ണദാസിന് വേണ്ടി അഭിഭാഷകരാരും കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനൊപ്പം തന്നെ കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയെ ബംഗ്ലാദേശ് സർക്കാർ ശക്തമായി എതിർക്കുകയും ചെയ്തതോടെ കേസ് പരിഗണിക്കുന്നത് ജനുവരി 2 ലേക്ക് മാറ്റുകയായിരുന്നു. അതായത് ഈ ഒരു മാസക്കാലം കൃഷ്ണദാസിന് ജയിലിൽ കഴിയേണ്ടിവരുമെന്ന് സാരം.
അതിനിടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ ബംഗ്ലാദേശ് തടഞ്ഞതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മതിയായ യാത്ര രേഖകളുണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിർത്തിയിൽ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതർ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു എന്നാണ് വിവരം. യാത്ര സംഘത്തിന് ഇന്ത്യയിലേക്ക് പോകാൻ അനുവാദം നൽകരുതെന്ന് ഉന്നത അധികാരികൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പ്രതികരിച്ചത്.