റഷ്യയിൽ വിമാന ഇന്ധന കയറ്റുമതിക്ക് നിരോധനം: യുക്രെയ്ൻ ആക്രമണങ്ങൾക്ക് പിന്നാലെ നടപടി

മോസ്കോ: യുക്രെയ്ൻ നടത്തിയ തുടർച്ചയായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ എണ്ണശുദ്ധീകരണ ശാലകൾക്ക് വൻ നാശനഷ്ടമുണ്ടായതിനെ തുടർന്ന് വിമാന ഇന്ധനത്തിന്റെ (Jet fuel) കയറ്റുമതി നിരോധിച്ച് റഷ്യ. ആഭ്യന്തര വിപണിയിലെ ക്ഷാമം ഒഴിവാക്കാനും വിലക്കയറ്റം തടയാനുമാണ് റഷ്യൻ ഭരണകൂടത്തിന്റെ അടിയന്തര നടപടി. 2026 നവംബർ 30 വരെയാണ് അഞ്ച് മാസത്തെ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

സമീപ ആഴ്ചകളിൽ റഷ്യയിലെ പ്രധാന ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു യുക്രെയ്ന്റെ ആക്രമണങ്ങൾ. ഇതോടെ റഷ്യയുടെ എണ്ണ ഉൽപ്പാദന ശേഷി കഴിഞ്ഞ 16 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ഇതേ തുടർന്നാണ് ആഭ്യന്തര ആവശ്യങ്ങൾ മുൻനിർത്തി വിമാന ഇന്ധന കയറ്റുമതി കടുപ്പിക്കാൻ റഷ്യൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ അന്തർ സർക്കാർ കരാറുകൾ വഴിയുള്ള കയറ്റുമതിക്ക് ഈ നിയന്ത്രണം ബാധകമല്ല.

ആഗോള വിമാന ഇന്ധന വിപണിയിൽ റഷ്യയുടെ പങ്ക് 2 ശതമാനത്തിൽ താഴെ മാത്രമായതിനാൽ അന്താരാഷ്ട്ര വ്യോമയാന മേഖലയെ ഈ തീരുമാനം വലിയ രീതിയിൽ ബാധിക്കില്ല. എന്നാൽ റഷ്യയിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്ന കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഈ തീരുമാനം തിരിച്ചടിയാകും.

റഷ്യയുടെ ഈ തീരുമാനം ഇന്ത്യയെ ഒട്ടും ബാധിക്കില്ല. ഇന്ത്യ റഷ്യയിൽ നിന്ന് പ്രധാനമായും വാങ്ങുന്നത് ക്രൂഡ് ഓയിൽ (അസംസ്കൃത എണ്ണ) ആണ്. ആവശ്യത്തിന് എണ്ണശുദ്ധീകരണ ശാലകൾ സ്വന്തമായി ഉള്ളതിനാൽ ഇന്ത്യ വിമാന ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്നില്ല.

Russia bans aviation fuel exports: Action taken following Ukraine attacks

More Stories from this section

family-dental
witywide