അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം ‘ട്രംപ് ഷോ’ ആക്കാൻ നീക്കം; കലാകാരന്മാർ പിന്മാറി, ബദൽ ആഘോഷങ്ങളുമായി പ്രസിഡൻ്റ്

വാഷിംഗ്ടൺ: അമേരിക്കയുടെ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വാർഷികാഘോഷങ്ങളെ പൂർണ്ണമായും തൻ്റെ വ്യക്തിമുദ്ര പതിഞ്ഞ ഒരു വൻ രാഷ്ട്രീയ പ്രചാരണ വേദിയാക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടികളിൽ നിന്ന് പ്രമുഖ അന്താരാഷ്ട്ര സംഗീതജ്ഞർ കൂട്ടത്തോടെ പിന്മാറുകയോ, തങ്ങൾ പങ്കെടുക്കാൻ സമ്മതിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയോ ചെയ്തതോടെയാണ് സംഭവങ്ങൾ നാടകീയമായതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ഇതിനോട് കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. തനിക്ക് ഇത്തരം കലാകാരന്മാരുടെ ആവശ്യമില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി. “വലിയ തുക പ്രതിഫലം വാങ്ങുന്ന, ഒട്ടും സന്തോഷമില്ലാത്ത ഇത്തരം ‘കലാകാരന്മാരെ’ എനിക്ക് ആവശ്യമില്ല. എനിക്ക് ചുറ്റും എപ്പോഴും സന്തോഷമുള്ളവരും, ബുദ്ധിമാന്മാരും, വിജയികളായ ആളുകളും ഉണ്ടാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” ട്രംപ് കുറിച്ചു.

ഈ മാസം അവസാനം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിൽ നടക്കാനിരിക്കുന്ന 16 ദിവസത്തെ ‘ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ’ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി സ്വയം മാറാൻ ട്രംപ് തൻ്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംഗീതജ്ഞർക്ക് പകരം ഇതൊരു ഭീമൻ ‘മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ (MAGA) റാലിയാക്കി മാറ്റാനാണ് അണിയറയിലെ നീക്കം. 2025 ജനുവരിയിൽ വീണ്ടും അധികാരത്തിൽ വന്നത് മുതൽ, തൻ്റെ ഈ രണ്ടാം ഊഴം ഫുട്ബോൾ ലോകകപ്പ്, 2028 ഒളിമ്പിക്‌സ്, രാജ്യത്തിൻ്റെ 250-ാം ജന്മദിനം തുടങ്ങിയ ചരിത്ര നിമിഷങ്ങൾക്കൊപ്പമാണ് വരുന്നതെന്ന് ട്രംപ് പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്.

സർക്കാരിനെ വെട്ടിച്ച് സമാന്തര സമിതി ആഘോഷങ്ങൾക്കായി യുഎസ് കോൺഗ്രസ് ഒരു പതിറ്റാണ്ട് മുമ്പ് ‘അമേരിക്ക 250’ എന്ന ഔദ്യോഗിക കമ്മീഷൻ രൂപീകരിച്ചിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ ട്രംപ് അനുകൂലികൾ ‘ഫ്രീഡം 250’ എന്ന പേരിൽ സ്വകാര്യ ധനസഹായത്തോടെ മറ്റൊരു സമാന്തര സമിതി രൂപീകരിച്ചു. വൈറ്റ് ഹൗസിൽ വെച്ച് നടക്കുന്ന യുഎഫ്‌സി ഫൈറ്റ്, ഓർലാൻഡോയിലെ കായിക ക്ഷമതാ മത്സരം, വാഷിംഗ്ടൺ തെരുവുകളിലെ ഗ്രാൻഡ് പ്രിക്സ് കാറോട്ട മത്സരം, ജൂലൈ നാലിന് നടക്കാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം എന്നിവയാണ് ട്രംപ് പക്ഷത്തിൻ്റെ പ്രധാന പരിപാടികൾ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തൻ്റെ സ്വന്തം ചിത്രങ്ങൾ പങ്കുവെച്ചാണ് ട്രംപ് ഇതിന് പ്രചാരണം നൽകുന്നത്.

ഒരു ആഗോള മഹാശക്തിയുടെ നേതാവ് എന്നതിലുപരി ഒരു മുൻ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ ആവേശത്തോടെയാണ് ട്രംപ് വാഷിംഗ്ടൺ ഡിസിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ കാബിനറ്റ് യോഗത്തിൽ 20 മിനിറ്റിലധികമാണ് അദ്ദേഹം നഗരത്തിലെ റോഡുകൾ ടാർ ചെയ്യുന്നതിനെക്കുറിച്ചും വിളക്കുകാലുകൾ പെയിൻ്റ് ചെയ്യുന്നതിനെക്കുറിച്ചും സംസാരിച്ചത്. ഇതിനോടകം, നഗരത്തിലെ പ്രധാനപ്പെട്ട പന്ത്രണ്ടിലധികം ജലധാരകൾ അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കി. പ്രശസ്തമായ ലഫായെറ്റ് പാർക്ക് നവീകരണത്തിനായി അടച്ചിട്ടു. ലിങ്കൺ മെമ്മോറിയലിന് സമീപമുള്ള നാല് വെങ്കല കുതിര പ്രതിമകളിൽ 23.75 ക്യാരറ്റ് സ്വർണ്ണപ്പാളികൾ ചാർത്താൻ ഒരുങ്ങുന്നു.പൊട്ടോമാക് നദിക്ക് മുകളിലായി 250 അടി ഉയരമുള്ള കൂറ്റൻ വിജയ കവാടം നിർമ്മിക്കാനും അനുമതി തേടിയിട്ടുണ്ട്.

ട്രംപിന്റെ ചിത്രം പതിച്ച നോട്ടും നാണയവും

ആഘോഷങ്ങളുടെ ഭാഗമായി ട്രംപ് ഡെസ്കിൽ നിൽക്കുന്ന ചിത്രം പതിച്ച സ്വർണ്ണ നാണയത്തിന് യുഎസ് ട്രഷറി അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ ട്രംപിൻ്റെ മുഖമുള്ള 250 ഡോളറിൻ്റെ പ്രത്യേക കറൻസി നോട്ട് ഇറക്കാനും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് നീക്കം നടത്തുന്നുണ്ട്. എന്നാൽ ജീവിച്ചിരിക്കുന്ന ഒരു പ്രസിഡൻ്റിൻ്റെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്താൻ യുഎസ് കോൺഗ്രസിൻ്റെ അനുമതി ആവശ്യമാണ്. ഈ നീക്കത്തെ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ഒറ്റക്കെട്ടായി ശക്തമായി എതിർക്കുകയാണ്. രാജ്യത്തിൻ്റെ പൊതുവായ ആഘോഷത്തെ ട്രംപ് സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നാണ് അവരുടെ പ്രധാന ആക്ഷേപം.

Move to turn America’s 250th Independence Day celebration into a ‘Trump Show’; Artists pull out, President comes up with alternative celebrations

More Stories from this section

family-dental
witywide