വൻകിട കമ്പനികളെ ഒഴിവാക്കി ചെറുകിട സ്റ്റാർട്ടപ്പുകളെ കൂട്ടുപിടിച്ച് യുഎസ്; വിലകുറഞ്ഞ ലക്ഷക്കണക്കിന് യുദ്ധഡ്രോണുകൾ നിർമിക്കാൻ പെൻ്റഗൺ

വാഷിങ്ടൻ: യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പെൻ്റഗൺ. ലോക്ഹീഡ് മാർട്ടിൻ, ബോയിങ് പോലുള്ള പരമ്പരാഗത വൻകിട പ്രതിരോധ കമ്പനികളെ മാറ്റിനിർത്തി, ചെറുകിട സ്റ്റാർട്ടപ്പുകളെയും ഹോബിയിസ്റ്റുകളെയും ഉപയോഗിച്ച് ചെലവ് കുറഞ്ഞ ലക്ഷക്കണക്കിന് യുദ്ധഡ്രോണുകൾ നിർമിക്കാൻ യുഎസ് അതിവേഗ നീക്കം നടത്തുന്നതായി പ്രമുഖ മാധ്യമമായ ‘വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ഏരിയൽ ലൈറ്റ് ഷോകൾ നടത്തുന്നവർ, ഡ്രോൺ റേസർമാർ, ഗോൾഫ് കോഴ്സ് നിരീക്ഷകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പാരമ്പര്യമുള്ള ചെറുകിട വ്യവസായികളെയാണ് ഈ പദ്ധതിക്കായി യുഎസ് സൈന്യം ആശ്രയിക്കുന്നത്.

യുക്രെയ്നിലും മിഡിൽ ഈസ്റ്റിലും നടക്കുന്ന യുദ്ധങ്ങളിൽ വിലകുറഞ്ഞ ചെറിയ ഡ്രോണുകൾ വലിയ യുദ്ധക്കപ്പലുകളെയും ടാങ്കുകളെയും തകർക്കുന്നതാണ് യുഎസിനെ ഈ ചിന്തയിലേക്ക് നയിച്ചത്. ശത്രുക്കളുടെ വിലകുറഞ്ഞ ഒരു ഡ്രോൺ തകർക്കാൻ കോടിക്കണക്കിന് രൂപ വിലയുള്ള പേട്രിയറ്റ് മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് യുഎസ് സൈന്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഇതിന് പകരമായി ‘റെപ്ലികേറ്റർ’ പദ്ധതി വഴി ലക്ഷക്കണക്കിന് ചെറിയ ഡ്രോണുകൾ ഒരേസമയം വിന്യസിച്ച് ശത്രുക്കളുടെ വ്യോമപ്രതിരോധത്തെ നിഷ്പ്രഭമാക്കുക എന്നതാണ് യുഎസിൻ്റെ പുതിയ തന്ത്രം.

ദശലക്ഷക്കണക്കിന് ഡോളർ വിലയുള്ള വലിയ യുദ്ധവിമാനങ്ങൾക്ക് പകരം ഏകദേശം $5,000 (4 ലക്ഷത്തിലധികം രൂപ) മാത്രം ചെലവുള്ള ചെറിയ ഡ്രോണുകളാണ് ഇതിലൂടെ നിർമിക്കുന്നത്. ഇതിനായി ‘ഡ്രോൺ ഡൊമിനൻസ്’ എന്ന പേരിൽ 18 മാസം നീളുന്ന ഒരു പ്രത്യേക മത്സരവും പെൻ്റഗൺ ആരംഭിച്ചിട്ടുണ്ട്. 3,00,000 ഡ്രോണുകൾ വരെ നിർമിക്കാനായി 1.1 ബില്യൺ ഡോളറിൻ്റെ കരാറാണ് ചെറുകിട കമ്പനികൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്. അടുത്ത വർഷത്തെ പ്രതിരോധ ബജറ്റിൽ ഡ്രോൺ യുദ്ധ മുന്നേറ്റങ്ങൾക്കായി മാത്രം 54.6 ബില്യൺ ഡോളർ മാറ്റിവെക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

അത്യാധുനികവും ചെലവേറിയതുമായ സാങ്കേതികവിദ്യയേക്കാൾ, വിലക്കുറവിനും വലിയ അളവിനും മുൻഗണന നൽകിക്കൊണ്ടുള്ള യുഎസിൻ്റ ഈ നീക്കം ആഗോള പ്രതിരോധ രംഗത്ത് വലിയ ചർച്ചയായിക്കഴിഞ്ഞു.

More Stories from this section

family-dental
witywide