ന്യൂഡല്‍ഹി: എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നീക്കവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട പുതിയ ബില്ല് പാസാക്കി. ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല.
മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 10-ാം ഷെഡ്യൂള്‍ പ്രകാരം ഏതെങ്കിലും ഘട്ടത്തില്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെങ്കില്‍, നിയമപ്രകാരം ഒരു വ്യക്തിക്ക് പെന്‍ഷന് അര്‍ഹതയില്ലെന്നതാണ് കൂറുമാറ്റ നിരോധന നിയമത്തെ പരാമര്‍ശിച്ച് ബില്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടി വിപ്പ് ലംഘിച്ച് സഭയില്‍ നിന്ന് വിട്ടുനിന്നതിന്റെ പേരില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കോണ്‍ഗ്രസ് എംഎല്‍എമാരായ സുധീര്‍ ശര്‍മ, രവി താക്കൂര്‍, രജീന്ദര്‍ റാണ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ചേതന്യ ശര്‍മ, ദേവീന്ദര്‍ കുമാര്‍ എന്നീ ആറുപേരെ അയോഗ്യരാക്കിയിരുന്നു. സുധീര്‍ ശര്‍മ്മയും ഇന്ദര്‍ ദത്ത് ലഖന്‍പാലും പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തിരുന്നു. മറ്റ് നാലുപേര്‍ പരാജയപ്പെട്ടിരുന്നു.