വിദേശ തൊഴിലാളികൾക്ക് പകരം തങ്ങളുടെ പൗരന്മാർക്ക് മുൻഗണന; അമേരിക്കയിൽ എച്ച്-1ബി വിസയ്ക്ക് കടുത്ത നിയന്ത്രണം; പുതിയ ബില്ലുമായി റിപ്പബ്ലിക്കൻ പാർട്ടി

വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസാ നിയമങ്ങളിൽ വൻ പരിഷ്കാരം ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ പാർട്ടി പുതിയ ബിൽ അവതരിപ്പിച്ചു. അരിസോണയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി എലി ക്രെയിൻ ആണ് ‘എൻഡ് എച്ച്-1ബി വിസ അബ്യൂസ് ആക്ട് 2026’ കോൺഗ്രസിൽ അവതരിപ്പിച്ചത്. എച്ച്-1ബി വിസാ കാലാവധിയിൽ മൂന്ന് വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതിനൊപ്പം എച്ച്-4 ഡിപെൻഡൻ്റ് വിസകൾ നിർത്തലാക്കാനും ബില്ലിൽ ശുപാർശയുണ്ട്.

വിദേശ തൊഴിലാളികൾക്ക് പകരം അമേരിക്കൻ പൗരന്മാർക്ക് തൊഴിൽ മുൻഗണന ഉറപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. നിലവിലെ ലോട്ടറി സമ്പ്രദായത്തിന് പകരം വേതനത്തിന്റെ അടിസ്ഥാനത്തിൽ വിസ നൽകുന്ന രീതി കൊണ്ടുവരാനും ബിൽ നിർദ്ദേശിക്കുന്നു.

ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ

നിലവിലുള്ള 65,000 എച്ച്-1ബി വിസകളുടെ പരിധി 25,000 ആയി കുറയ്ക്കും.

എച്ച്-1ബി വിസ ലഭിക്കുന്നവർക്ക് പ്രതിവർഷം കുറഞ്ഞത് രണ്ട് ലക്ഷം ഡോളർ (ഏകദേശം 1.6 കോടി രൂപ) ശമ്പളം ഉറപ്പാക്കണം.

എച്ച്-1ബി വിസയുള്ളവർക്ക് ആശ്രിതരെ (ഭാര്യ/ഭർത്താവ്, കുട്ടികൾ) അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. ഇതോടെ എച്ച്-4 വിസകൾ ഇല്ലാതാകും.

പഠനത്തിന് ശേഷം വിദേശ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനത്തിന് നൽകുന്ന ഒപ്റ്റിക്കൽ പ്രാക്ടിക്കൽ ട്രെയിനിംഗ് അവസാനിപ്പിക്കും.

എച്ച്-1ബി വിസയിൽ എത്തുന്നവർക്ക് പീന്നീട് അത് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡാക്കി മാറ്റാൻ അനുവാദമുണ്ടാവില്ല.

അമേരിക്കൻ പൗരന്മാരെ ലഭ്യമല്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ വിദേശികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കൂ.

കോർപ്പറേറ്റ് ലാഭത്തിന് വേണ്ടിയല്ല, കഠിനാധ്വാനികളായ അമേരിക്കൻ പൗരന്മാർക്ക് വേണ്ടിയാകണം സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് എലി ക്രെയിൻ പറഞ്ഞു. ബ്രയാൻ ബാബിൻ, ബ്രാൻഡൻ ഗിൽ തുടങ്ങിയ പ്രമുഖ റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ ബിൽ നിയമമായാൽ ഐടി മേഖലയിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ അത് ദോഷകരമായി ബാധിക്കും.

Preference for our citizens over foreign workers; Strict restrictions on H-1B visas in the US; Republican Party with new bill

More Stories from this section

family-dental
witywide