പാക്കിസ്ഥാൻ തിരിച്ചടിച്ചു; മിസൈൽ ആക്രമണത്തിൽ ഇറാനിൽ 7 പേർ കൊല്ലപ്പെട്ടു

ഇറാനിലെ സായുധ ഗ്രൂപ്പ് താവളങ്ങള്‍ക്കുനേരെ പാക്കിസ്ഥാൻ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനിലെ തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ സൈന്യം ഇന്നലെ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാൻ തിരിച്ചടിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ഇറാനിലെ പാകിസ്താന്‍ വിരുദ്ധ ഭീകര സംഘടനകള്‍ക്കുനേരെ ആക്രമണം നടത്തിയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ ‘മാര്‍ഗ് ബര്‍ സമര്‍ച്ചര്‍’ എന്ന കോഡ് നെയിമില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പാക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നീ സംഘടനകളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ മിസൈല്‍ ആക്രമണം നടന്നതായി ഇറാന്‍ മാധ്യമം സ്ഥിരീകരിച്ചു.പാകിസ്താനിലെ സുന്നി വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍ അദ്ല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് കഴിഞ്ഞദിവസം ഇറാന്‍ ആക്രമണം നടത്തിയത്.

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന പാക് കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ ഉള്‍ ഹഖ് കാക്കർ വേഗം രാജ്യത്തേക്ക് തിരിച്ചു പുറപ്പെട്ടിട്ടുണ്ട്.

“ഞങ്ങൾ ഇറാൻ്റെ പരമാധികാരത്തെ മാനിക്കുന്നു. എന്നാൽ പാക്കിസ്ഥാനെതിരെയുള്ള ഒരു നടപടിയും വച്ചു പൊറുപ്പിക്കില്ല. ഏത് ആക്രമണത്തേയും നേരിടാൻ പാക്കിസാഥാൻ പട്ടാളത്തിന് കരുത്തുണ്ട്. ഇറാൻ്റെ മണ്ണിൽ നടക്കുന്ന ചില സായുധ പോരാട്ട ഗ്രൂപ്പുകളെ കുറിച്ച് മുമ്പും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഓപറേഷൻ്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും”. പാക്ക് വിദേശകാര്യ വക്താവ് മുംതാസ് ബലോച് മാധ്യമങ്ങളെ അറിയിച്ചു.

പ്രകോപനമില്ലാതെ വ്യോമാതിര്‍ത്തി ലംഘിച്ച് തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇറാൻ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിച്ചിരുന്നു. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

Pakistan attacked Iran

More Stories from this section

family-dental
witywide