വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ കയറ്റുമതികൾക്ക് 100 ശതമാനം വരെ അധിക തീരുവ (ടാരിഫ്) ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഉപരോധ ബിൽ അവതരിപ്പിച്ച് അമേരിക്കൻ സെനറ്റർമാർ. വൈറ്റ് ഹൗസിന്റെ പിന്തുണയുള്ള ബിൽ ഓഗസ്റ്റിന് മുമ്പ് പാസാക്കാനാകുമെന്നാണ് പ്രതീക്ഷ. റഷ്യയുടെ ഊർജ കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറച്ച് ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുകയെന്നതാണ് ബില്ലിന്റെ ലക്ഷ്യം.
“റഷ്യൻ എണ്ണയുടെ അഞ്ച് പ്രധാന വാങ്ങുന്ന രാജ്യങ്ങളെയാണ് ഈ തീരുവ ലക്ഷ്യമിടുന്നത്. 100 ശതമാനം വരെ തീരുവ ചുമത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിൽ റഷ്യൻ എണ്ണയുടെ പ്രധാന വാങ്ങുന്നവർ ചൈന, ഇന്ത്യ, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളാണെന്നും ചൊവ്വാഴ്ച വാഷിങ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൽ പറഞ്ഞു. റഷ്യൻ പ്രകൃതി വാതകം വാങ്ങുന്ന രാജ്യങ്ങളിൽ, റഷ്യയുടെ ആകെ വാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രമേ വാങ്ങുന്നുള്ളൂവെന്നും വാങ്ങൽ കുറയ്ക്കാൻ ഗണ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തെളിയിക്കുന്ന രാജ്യങ്ങൾക്ക് ഇളവ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയുടെ ഊർജം, പ്രതിരോധം, ധനകാര്യം, വ്യവസായ മേഖലകൾക്കെതിരെ വ്യാപകമായ ഉപരോധങ്ങളും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ ആക്ട്’ എന്ന ബില്ലിന്റെ ഭേദഗതി ചെയ്ത രൂപമാണ് പുതിയ ബിൽ. റഷ്യൻ ഊർജം വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്താനായിരുന്നു പഴയ ബില്ലിലെ നിർദേശം. എന്നാൽ വ്യവസ്ഥകൾ അതീവ കർശനമാണെന്ന വിമർശനവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിമിതമായ പിന്തുണയും കാരണം ആ ബിൽ വോട്ടെടുപ്പിലേക്ക് എത്തിയിരുന്നില്ല.
ഡെമോക്രാറ്റിക് സെനറ്റർ ജീൻ ഷഹീൻ പുതിയ ബില്ലിലെ തീരുവ വ്യവസ്ഥകൾ പഴയതിനെ അപേക്ഷിച്ച് കൂടുതൽ പരിമിതവും ലക്ഷ്യബോധമുള്ളതുമാണെന്ന് വ്യക്തമാക്കി. ഓഗസ്റ്റിന് മുമ്പ് തന്നെ ബിൽ സെനറ്റിൽ പാസാകുമെന്ന പ്രതീക്ഷയുണ്ടെന്നും ആവശ്യമായ പിന്തുണ ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും സെനറ്റർ ബ്ലൂമെൻതാൽ പറഞ്ഞു. ബന്ധപ്പെട്ട രാജ്യങ്ങൾക്ക് എത്ര ശതമാനം തീരുവ ചുമത്തണമെന്ന അന്തിമ തീരുമാനം അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവാണ് എടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ റഷ്യൻ എണ്ണയും വാതകവും വാങ്ങുന്നത് കുറയ്ക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉചിതമായ നിരക്കായിരിക്കും നിശ്ചയിക്കുക. തീരുവ കുറച്ചാൽ അതിന്റെ കാരണം കോൺഗ്രസിനെ അറിയിക്കേണ്ട ബാധ്യതയും അമേരിക്കൻ ട്രേഡ് റെപ്രസന്റേറ്റീവിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പുതിയ ബിൽ രൂപീകരിക്കുന്നതിൽ കഴിഞ്ഞ ആഴ്ച അന്തരിച്ച അമേരിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ നിർണായക പങ്കും വാർത്താസമ്മേളനത്തിൽ സെനറ്റർമാർ അനുസ്മരിച്ചു. 2025-ലെ ‘സാങ്ക്ഷനിംഗ് റഷ്യ ആക്ടി’ന്റെ പ്രധാന പിന്തുണക്കാരിലൊരാളായിരുന്ന ഗ്രഹാം, പുതിയ ബിൽ മുന്നോട്ട് കൊണ്ടുപോകുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി.
New US bill proposes up to 100% tariffs on India, others over Russian oil purchase










