ഫിലഡല്‍ഫിയ സിറോമലബാര്‍ പള്ളിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുനാള്‍ ജൂണ്‍ 28 മുതൽ

ഫിലഡല്‍ഫിയ: വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന (ഓര്‍മ്മ) തിരുനാളിന് സെന്‍റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഈ മാസം 28 ന് കൊടിയേറ്റത്തോടെ തുടക്കമാകും. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ഷിക്കാഗോ സിറോമലബാര്‍ രൂപതാ വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവര്‍ സംയുക്തമായി വൈകുന്നേരം ആറരക്ക് തിരുനാള്‍കൊടി ഉയര്‍ത്തി 11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു ആരംഭം കുറിക്കും. 7 മണിക്ക് ദിവ്യബലി, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ വെള്ളിയാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങളില്‍പ്പെടും.

പ്രധാന തിരുനാള്‍ ദിവസങ്ങള്‍ ജൂലൈ 5, 6, 7 ആയിരിക്കും. ജൂലൈ 5 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കില്‍ മുഖ്യകാര്‍മ്മികനായി ദിവ്യബലി, തിരുനാള്‍ സന്ദേശം, നൊവേന. ജൂലൈ 6 ന് വൈകുന്നേരം നാലര മുതല്‍ റവ. ഫാ. ജോബി ജോസഫ് (സെന്‍റ് മേരീസ് സിറോ മലബാര്‍, ലോങ് ഐലന്‍റ്) കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും. തുടര്‍ന്ന് 7 മണിമുതല്‍ ഇടവകയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 7 ഞായറാഴ്ച്ച രാവിലെ ഒൻപതര മണിക്ക് റവ. ഫാ. ലിജോ കൊച്ചുപറമ്പിലിന്‍റെ (ഫിലഡല്‍ഫിയ സെന്‍റ് ന്യൂമാന്‍ ക്നാനായ കത്തോലിക്കാ മിഷന്‍) മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ കുര്‍ബാന. തിരുനാള്‍ സന്ദേശം നല്‍കുന്നത് റവ. ഫാ. ജോസഫ് അലക്സ് (കാത്തലിക് യൂണിവേഴ്സിറ്റി, വാഷിങ്‌ടൻ ഡി. സി.), നൊവേനയ്ക്കും ലദീഞ്ഞിന്ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങള്‍ തയാറാക്കുന്ന കാര്‍ണിവല്‍, തുടര്‍ന്ന് സ്നേഹവിരുന്ന്.

ജൂലൈ 8 ന് വൈകുന്നേരം 7 ന് ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം റവ. ഡോ. ജോര്‍ജ് ദാനവേലില്‍ കൊടിയിറക്കുന്നതോടെ പതിനൊന്ന്ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.

ജൂണ്‍ 28 മുതല്‍ ജൂലൈ 6 വരെ എല്ലാദിവസങ്ങളിലും വൈകുന്നേരം 7 ന് ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ത്ഥനയും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ (ഞായര്‍ ഒഴികെ) വൈകുന്നേരം 6:30 മുതല്‍ 7:00 മണിവരെ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

വിന്‍സന്‍റ് ഇമ്മാന്വലും കുടുംബവുമാണു ഈ വര്‍ഷത്തെ തിരുനാള്‍ നടത്തുന്നത്. കൈക്കാരന്മാരുടെ നേതൃത്വത്തിലൂള്ള വിവിധ കമ്മിറ്റികള്‍ തിരുനാള്‍ നടത്തിപ്പിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നത്. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ ജോജി ചെറുവേലില്‍, ജോസ് തോമസ്, പോളച്ചന്‍ വറീദ്, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ പ്രസുദേന്തി, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ തിരുനാളിന്‍റെ ക്രമീകരണങ്ങള്‍ നിര്‍വഹിക്കുന്നത്.