ഇറാന് ഒരു തരി ഫണ്ട് പോലും വിട്ടുനൽകരുത്, ട്രംപിന് മേൽ കടുത്ത സമ്മർദ്ദവുമായി ഇസ്രായേൽ; വിയോജിപ്പുകൾ പരസ്യമാക്കി നെതന്യാഹു

ടെൽ അവീവ്/വാഷിംഗ്ടൺ: യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ അമേരിക്കയ്ക്ക് മേൽ കടുത്ത സമ്മർദ്ദവുമായി ഇസ്രായേൽ. ചർച്ചകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ ആണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. കരാറിനെ മധ്യപൂർവേഷ്യയിലെ പല രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ടെന്നും അതിൽ ഇസ്രായേലും ഉൾപ്പെടുന്നുണ്ടെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, വ്യാഴാഴ്ച രാത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇറാനുമായി യു.എസ് ഉണ്ടാക്കുന്ന ധാരണകളിൽ ഇസ്രായേലിനുള്ള കടുത്ത ആശങ്ക നെതന്യാഹു ട്രംപിനെ നേരിട്ട് അറിയിച്ചതായാണ് വിവരം.

വ്യവസ്ഥകളിൽ ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത?

ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും മാറ്റുക, ആണവ പദ്ധതികൾ നിർത്തലാക്കുക, ഇറാന്റെ മിസൈൽ ശേഷി പരിമിതപ്പെടുത്തുക, മേഖലയിലെ ഹമാസ്, ഹിസ്ബുള്ള ഉൾപ്പെടെയുള്ള പ്രോക്സി ഗ്രൂപ്പുകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുക എന്നിവ അന്തിമ കരാറിന്റെ ഭാഗമാക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്ന് ഫോൺ സംഭാഷണത്തിന് ശേഷം നെതന്യാഹു പ്രസ്താവനയിറക്കി.
എന്നാൽ, സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുന്ന കാര്യത്തിൽ മാത്രമാണ് ട്രംപ് പരസ്യമായി ഊന്നൽ നൽകുന്നത്. ഇറാന്റെ മിസൈലുകളെക്കുറിച്ചോ പ്രോക്സി ഗ്രൂപ്പുകളെക്കുറിച്ചോ കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപ് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇറാനുമായി ഉടൻ തന്നെ ഒരു കരാറിലെത്തുമെന്ന ട്രംപിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം നെതന്യാഹുവിനെ പ്രകോപിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ പ്രഖ്യാപനം വരുമ്പോൾ ഇറാന്റെ സുരക്ഷാ ഭീഷണിയെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി അടിയന്തിര യോഗത്തിലായിരുന്നു നെതന്യാഹു.

‌അമേരിക്കയും ഇറാനും തമ്മിൽ ഒരു പ്രാഥമിക ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ പോലും, അത് ഒരിക്കലും ഒരു അന്തിമ കരാറിലേക്ക് നയിക്കില്ലെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ. കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് ഇറാൻ രഹസ്യമായി ആണവപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും, അതിനാൽ ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതും ഫണ്ടുകൾ കൈമാറുന്നതും തടയണമെന്നുമാണ് ഇസ്രായേലിന്റെ ശക്തമായ ആവശ്യം. ഹോർമുസ് കടലിടുക്കിൽ യു.എസ്-ഇറാൻ കരാർ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രായേലിന്റെ ഈ കടുത്ത നിലപാട് ട്രംപ് ഭരണകൂടത്തിന് വലിയ നയതന്ത്ര വെല്ലുവിളിയാകും.

Also Read

More Stories from this section

family-dental
witywide