ടെഹ്റാൻ: അമേരിക്കയുമായി നടത്തിവരുന്ന സമാധാന ചർച്ചകളിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വ്യാഴാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഇറാൻ വക്താവ് ഇസ്മയിൽ ബഖാഇ വ്യക്തമാക്കി. നിലവിൽ കരാറിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വെറും ‘ഊഹാപോഹങ്ങൾ’ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ കരാറിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും, അത് രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഗുണകരമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളിൽ ഇറാന്റെ ആവശ്യം വ്യക്തമായിരുന്നുവെന്നും കരാർ രേഖയുടെ വലിയൊരു ഭാഗം പൂർത്തിയായതുമാണെന്ന് ബഖാഇ പറഞ്ഞു. എന്നാൽ അമേരിക്ക തങ്ങളുടെ നിലപാടുകൾ തുടർച്ചയായി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് ചർച്ചകളെ ബാധിക്കുന്നുണ്ടെന്നും ഇറാൻ തങ്ങളുടെ പരിധി വിട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ കരാറിന് സമ്മർദത്തിന് വഴങ്ങിയാണ് സമ്മതിച്ചതെന്ന് വരുത്തിത്തീർക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്, എന്നാൽ ഇറാൻ ഒരിക്കലും തങ്ങളുടെ നിലപാടുകളിൽനിന്ന് പിന്നോട്ട് പോകില്ലെന്നും നിലവിലെ നയതന്ത്ര നീക്കങ്ങളിൽ ഖത്തറും പാകിസ്താനും മധ്യസ്ഥരായി പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്മയിൽ ബഖാഇ കൂട്ടിച്ചേർത്തു.
US-Iran peace deal; Iran denies news of deal















