
റോക്സ്ബറി: യുഎസിലെ റോക്സ്ബറിയില്‍ പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ 73 കാരിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് ബോസ്റ്റണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ നാലരയോടെയായിരുന്നു സംഭവം.
റോക്സ്ബറിയില്‍ നിന്നുള്ള 73 കാരിയായ ജെറിലിന്‍ ബ്രാഡി-മക്ഗിന്നിസ് എന്ന സ്ത്രീയാണ് ഗുരുതരമായി പരുക്കേറ്റതിനു പിന്നാലെ മരണത്തിന് കീഴടങ്ങിയത്. അവരുടെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു. തീവ്രപരിചരണത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
ആക്രമണം നടത്തിയ നായയെ ഒരു ഉദ്യോഗസ്ഥന്‍ വെടിവച്ചിരുന്നു. പരുക്കേറ്റ നായയെ ചികിത്സയ്ക്കായി ഏഞ്ചല്‍ അനിമല്‍ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും അതിജീവിക്കാന്‍ സാധ്യത കുറവായതിനാല്‍ ഉടമയുടെ മകന്റെ സമ്മതത്തോടെ ദയാവധം നടത്തുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച് റോക്‌സ്ബറിയിലെ ഡെന്നിസണ്‍ സ്ട്രീറ്റില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍, നായയുടെ ആക്രമണത്തിന് ഇരയായ രണ്ട് വയോധികരെ കണ്ടെത്തി, അവര്‍ക്ക് സഹായം നല്‍കുന്നതിനിടെ നായ ഓടിയെത്തി പൊലീസുകാരയെും ആക്രമിക്കുകയായിരുന്നു.















