ആശങ്ക ബാക്കി, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതിന് കാരണം യുഎസ്-ഇസ്രായേൽ നീക്കങ്ങളെന്ന് ഇറാൻ; ഒമാനുമായുള്ള ചർച്ചകൾ തുടരുന്നു

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിനും പാത അടഞ്ഞുകിടക്കുന്നതിനും അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നടപടികളാണ് കാരണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഖാഈ കുറ്റപ്പെടുത്തി. അതേസമയം, കടലിടുക്കിലെ സുരക്ഷിത ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഒമാനുമായി ടെഹ്‌റാനിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ വിവിധ ഘട്ടങ്ങളിലായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇൽന വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് വിദേശകാര്യ വക്താവ് നിലപാട് വ്യക്തമാക്കിയത്. “അമേരിക്കയുടെ സൈനിക ഇടപെടലുകളും ഈ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ അവർ അടിച്ചേൽപ്പിച്ച അരക്ഷിതാവസ്ഥയും കാരണമാണ് നിലവിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഉണ്ടാകുന്ന തടസ്സങ്ങൾക്കും നാശനഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദി അമേരിക്ക മാത്രമാണ്.”

മാർച്ച് 28 മുതൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന അധിനിവേശത്തിന്റെയും സൈനിക നീക്കങ്ങളുടെയും തുടർച്ചയായാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ഇറാൻ ആരോപിച്ചു. ഇറാനിയൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ, തുറമുഖങ്ങൾക്കും ഗതാഗത പാതകൾക്കും മേൽ ഏർപ്പെടുത്തിയ അനധികൃത ഉപരോധങ്ങൾ, ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ എന്നിവയാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ ആഴ്ച ആരംഭിച്ച ഒമാൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകൾ വ്യാഴാഴ്ചയും തുടർന്നതായി ബഖാഈ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ മാനിച്ചുകൊണ്ട് തന്നെ കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാക്കാനുള്ള പ്രവർത്തന രൂപരേഖയ്ക്കാണ് ചർച്ചകളിൽ മുൻഗണന നൽകുന്നത്.

Also Read

More Stories from this section

family-dental
witywide