
ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ആന്തമാന്‍ നിക്കോബാര്‍ ദ്വീപിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സര്‍ക്കാര്‍. ‘ശ്രീ വിജയപുരം’ എന്നാണ് പുതിയ പേര്. ‘കൊളോണിയല്‍ മുദ്രകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്’ സാക്ഷാത്കരിക്കാനാണ് ഇത് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ശ്രീ വിജയപുരത്തിന് സമാനതകളില്ലാത്ത സ്ഥാനമുണ്ടെന്ന് അമിത് ഷാ ട്വീറ്റില്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തിന്റെ പ്രതീകമാണ് ഈ പേരെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയല്‍ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ആര്‍ക്കിബാള്‍ഡ് ബ്ലെയറിന്റെ പേരിലാണ് പോര്‍ട്ട് ബ്ലെയര്‍ അറിയപ്പെടുന്നത്.















