മലപ്പുറം എസ്.പിക്കെതിരെ കുത്തിയിരിപ്പ് സമരവുമായി പി.വി. അന്‍വര്‍ എം.എല്‍.എ; എഡിജിപി ‘ആട്ടിന്‍ തോലിട്ട ചെന്നായയെന്നും’ പരാമര്‍ശം

മലപ്പുറം: എസ്.പി ഓഫീസിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരവുമായി പി.വി. അന്‍വര്‍ എം.എല്‍.എ. മലപ്പുറം എസ്.പി. എസ്. ശശിധരനെതിരേയാണ് എം.എല്‍.എയുടെ പ്രതിഷേധം.

ഇന്നലെ വൈകുന്നേരം എസ്.പിയുടെ ഔദ്യോഗിക വസതിയായ ക്യാമ്പ് ഓഫീസിന് മുന്‍പില്‍ എം.എല്‍.എ. എത്തുകയും കോമ്പൗണ്ടില്‍നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയെന്നും അതിന്റെ കുറ്റികള്‍ കാണണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുമതി വാങ്ങാതെ ആരെയും കടത്തിവിടാനാകില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരന്‍ വ്യക്തമാക്കി. എം.എല്‍.എയുടെ പ്രവേശനത്തിന് അനുമതി നല്‍കുകയും ചെയ്തില്ല. ഇതോടെ തിരികെ പോയ എം.എല്‍.എ ഇന്ന് കുത്തിയിരിപ്പ് സമരവുമായി എത്തുകയായിരുന്നു.

സമരത്തിനിടെ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ ആരോപണവുമായി പി.വി. അന്‍വര്‍ എം.എല്‍.എ രംഗത്തെത്തി. എഡിജിപിയെക്കുറിച്ച് ആട്ടിന്‍തോലിട്ട ചെന്നായയെന്നാണ് അന്‍വര്‍ പരാമര്‍ശിച്ചത്.

2021-ല്‍ ക്യാമ്പ് ഓഫീസില്‍നിന്ന് തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന് കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് പരാതി നല്‍കിയിരുന്നു. നേരത്തേ ഇവിടെ എസ്.ഐ. ആയിരുന്നു ശ്രീജിത്ത്. ഈ മരംമുറിക്കേസ് വേണ്ട രീതിയില്‍ അന്വേഷിച്ചില്ലെന്നാണ് എം.എല്‍.എ.യുടെ ആരോപണം. മഹാഗണി മരം ഇവിടെനിന്നും സുജിത്ത് ഐ.പി.എസ് കടത്തിക്കൊണ്ടുപോയി തിരൂരിലെ മില്ലില്‍ കൊടുത്ത് ഈര്‍ച്ച നടത്തി ഫര്‍ണിച്ചറുണ്ടാക്കി നാട്ടിലേക്ക് കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്. അതോടൊപ്പം, ലഭിച്ച വിവരം, തേക്ക് മരം ഇവിടെ നിന്ന് പണി കഴിപ്പിച്ച് നല്ല ഡൈനിങ് ടേബിളാക്കി എ.ഡി.ജി.പി അജിത് കുമാര്‍ കൊണ്ടുപോയെന്നാണ്. വലിയൊരു കളവ് ഈ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയെന്നും പി.വി അന്‍വര്‍ ആരോപിക്കുന്നു.