
ന്യൂയോർക്ക്: ഗാസയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ആഗോള കാമ്പസുകളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് പാട്ടൊരുക്കി യുഎസ് റാപ്പർ മാക്ലെമോർ. ഈ ആൽബത്തിൽ നിന്നു ലഭിക്കുന്ന വരുമാനം യുഎൻ ദുരിതാശ്വാസ ഏജൻസിക്ക് കൈമാറുമെന്നും ഗ്രാമി പുരസ്കാര ജേതാവുകൂടിയായ മാക്ലെമോർ പറഞ്ഞു.
കോളേജ് കാമ്പസുകളിലുടനീളമുള്ള വിയോജിപ്പുകൾ അടിച്ചമർത്തുന്നതും ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിന് ധനസഹായം നൽകുന്നതും അവസാനിപ്പിക്കണമെന്ന് യുഎസ് ഭരണകൂടത്തോട് മാക്ലെമോറിൻ്റെ പുതിയ ഗാനം ആഹ്വാനം ചെയ്യുന്നു. ഗാസയിലെ ഇസ്രായേലിൻ്റെ യുദ്ധത്തിൽ പ്രതിഷേധിച്ച മാക്ലെമോർ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡന് താൻ വോട്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പലസ്തീൻ അനുകൂല പ്രക്ഷോഭകർ ക്യാമ്പസിൽ താമസിച്ചിരുന്ന കെട്ടിടത്തിന് നൽകിയ പുതിയ താത്കാലിക നാമത്തെ പരാമർശിച്ച് തിങ്കളാഴ്ച പുറത്തിറക്കിയ ഗാനത്തിന് “ഹിന്ദ്സ് ഹാൾ” എന്ന് പേരിട്ടു.
‘ഈ പ്രക്ഷോഭകർ എവിടെയും പോകില്ല…
പ്രക്ഷോഭത്തിലല്ല പ്രശ്നമിരിക്കുന്നത്,
അവർ ഉന്നയിക്കുന്ന വിഷയത്തിലാണ്…
ബാരിക്കേഡുകൾ ഉയർത്തൂ, പലസ്തീൻ വിമോചിക്കപ്പെടും വരെ’ മക്ലെമോർ പാടി.














