അസര്‍ബൈജാന്‍ വിമാനം വെടിവെച്ചിട്ടത് റഷ്യയെന്ന് വ്യാപക പ്രചരണം ; അന്വഷണം നടത്തി കാരണം അറിഞ്ഞിട്ടുപോരെ കുറ്റപ്പെടുത്തലെന്ന് റഷ്യ

അസ്താന: അസര്‍ബൈജാനി യാത്രാ വിമാനം ഖസക്സ്ഥാനില്‍ തകര്‍ന്നുവീണുണ്ടായ അപകടത്തിനു പിന്നാലെ റഷ്യയെ കുറ്റപ്പെടുത്തി നിവരധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുക്രേനിയന്‍ ഡ്രോണ്‍ ആണെന്ന് തെറ്റുധരിച്ച് വിമാനത്തിനു നേരെ റഷ്യന്‍ പ്രതിരോധ സംവിധാനത്തില്‍ നിന്നും വെടിയുതിര്‍ന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ദുരന്തത്തെക്കുറിച്ചുള്ള ‘അനുമാനങ്ങള്‍’ക്കെതിരെ റഷ്യ മുന്നറിയിപ്പുമായി രംഗത്തെത്തി. ‘അന്വേഷണത്തിന്റെ നിഗമനങ്ങള്‍ എത്തുന്നതിന് മുമ്പ് എന്തെങ്കിലും അനുമാനങ്ങള്‍ ഉണ്ടാക്കുന്നത് തെറ്റാണ്’ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാന്റ്‌സിര്‍-എസ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്ന് തൊടുത്ത റഷ്യന്‍ മിസൈലാണ് വിമാനം തകര്‍ത്തതെന്ന് കരുതുന്നതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സര്‍ക്കാര്‍ അനുകൂല അസര്‍ബൈജാനി വെബ്സൈറ്റ് കാലിബര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് ടൈംസ്, ബ്രോഡ്കാസ്റ്റര്‍ യൂറോ ന്യൂസ്, തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോലു എന്നിവരും ഈ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉക്രേനിയന്‍ ഡ്രോണ്‍ പ്രദേശത്ത് പറക്കുന്നതിനാല്‍ വിമാനം റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ അബദ്ധത്തില്‍ വെടിയേറ്റതാകാമെന്ന് ചില വ്യോമയാന, സൈനിക വിദഗ്ധരും അഭിപ്രായപ്പെട്ടു.