യൂറോപ്പിൽ കാട്ടുതീ പടരുന്നു: ഗ്രീസിൽ രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം; സ്പെയിനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടം, തുർക്കിയിലും ഫ്രാൻസിലും ജാഗ്രത

ഏഥൻസ്: തെക്കൻ യൂറോപ്പിൽ കനത്ത നാശം വിതച്ച് കാട്ടുതീ പടരുന്നു. ഗ്രീസിലെ ക്രീറ്റ് ദ്വീപിലുണ്ടായ ശക്തമായ തീപിടുത്തത്തിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരിച്ചു. റെതിംനോ പ്രദേശത്ത് പടർന്ന കാട്ടുതീ അണയ്ക്കുന്നതിനിടയിൽ പെട്ടുപോയാണ് ഇവർ മരണമടഞ്ഞത്. മണിക്കൂറിൽ കിലോമീറ്ററുകൾ വേഗതയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ തീ അതിവേഗം പടർന്നതിനെ തുടർന്ന് നിരവധി ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിച്ചു.

ക്രീറ്റിൽ പടരുന്ന തീ ഏകദേശം 15 കിലോമീറ്ററോളം ദൂരേക്ക് വ്യാപിച്ചതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഇതിന് പുറമെ ഗ്രീസിലെ പാരോസ്, ലെസ്ബോസ് ദ്വീപുകളിലും പ്രധാന ഭൂപ്രദേശമായ ട്രിഫിലിയയിലും കാട്ടുതീ പടർന്നിട്ടുണ്ട്.

തെക്കൻ തുർക്കിയിലെ മുഗ്‌ല പ്രവിശ്യയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് പ്രധാന ഹൈവേയായ ഫെതിയെ-അൻ്റാലിയ റോഡ് താൽക്കാലികമായി അടച്ചുപൂട്ടുകയും സമീപത്തെ ഒരു ആശുപത്രിയുടെ ഒരു ഭാഗം ഒഴിപ്പിക്കുകയും ചെയ്തു. അതേസമയം, തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഗിറോണ്ടെ മേഖലയിൽ തീപിടുത്തങ്ങൾ നിലവിൽ നിയന്ത്രണവിധേയമാണെങ്കിലും കടുത്ത വരണ്ട കാറ്റും 41 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലയും ഭീഷണി ഉയർത്തുന്നുണ്ട്. പ്രദേശത്ത് രണ്ട് പുതിയ തീപിടുത്തങ്ങൾ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

സ്പെയിനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടം

സ്പെയിനിൽ ഈ വേനൽക്കാലത്തെ നാലാമത്തെ ഉഷ്ണതരംഗം ആരംഭിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. തലസ്ഥാനമായ മാഡ്രിഡിന് പടിഞ്ഞാറുള്ള ആവില പ്രവിശ്യയിൽ മാത്രം 43,000 ഹെക്ടറിലധികം ഭൂമി ഇതിനകം കത്തിയമർന്നു. സ്പാനിഷ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ കാട്ടുതീയാണിത്. ഈ വർഷം മാത്രം സ്പെയിനിൽ 2,07,000 ഹെക്ടറിലധികം ഭൂമിയാണ് കാട്ടുതീയിൽ നശിച്ചത്. മാഡ്രിഡിന് സമീപമുള്ള കാട്ടുതീ അണയ്ക്കുന്നതിൽ അടുത്ത 12 മണിക്കൂർ അതീവ നിർണായകമാണെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി.

നിലവിൽ മാഡ്രിഡ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങാൻ ആരംഭിച്ചിട്ടുണ്ട്. എങ്കിലും കടുത്ത ചൂടും കുറഞ്ഞ ഈർപ്പവും കാരണം തീ വീണ്ടും ആളിക്കത്താൻ സാധ്യതയുണ്ടെന്നാണ് ആശങ്ക. പലർക്കും വീടുകളും ജോലിയും നഷ്ടപ്പെട്ടതായും ജീവിതം പഴയപടിയാക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നും ചാപിനേരിയ മേയർ ലൂസിയ മോയ പ്രതികരിച്ചു.

ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ് വ്യക്തമാക്കുന്നു. ലോകത്തിലെ മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് യൂറോപ്പ് ഇരട്ടി വേഗത്തിലാണ് ചൂടുപിടിക്കുന്നത്. ഇത് കടുത്ത വേനൽക്കാല ഉഷ്ണതരംഗങ്ങൾക്കും ജലക്ഷാമത്തിനും വരും വർഷങ്ങളിൽ കൂടുതൽ തീവ്രമായ കാട്ടുതീയ്ക്കും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

Wildfires spread in Europe: Two firefighters die in Greece; Spain suffers worst ever loss of life, Turkey and France on high alert

More Stories from this section

family-dental
witywide