
കമലാ ഹാരിസിന്റെ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയിന്‍ തുടങ്ങി മൂന്നാഴ്ചകള്‍ പിന്നിടുന്നു. ഒറ്റപ്പെടുത്തിയവര്‍ക്കും കുറ്റപ്പെടുത്തിയവര്‍ക്കും തള്ളിപ്പറഞ്ഞവര്‍ക്കും മറുപടിയെന്നോണം അമേരിക്കന്‍ ജനതയുടെ വോട്ടിടങ്ങളിലേക്ക് കമല കയറിപ്പറ്റിയിരിക്കുന്നു. ബൈഡന്‍ പ്രചരണം നടത്തിയപ്പോള്‍ ഉള്ളതിനേക്കാള്‍ അതിവേഗത്തിലാണ് കമലയ്ക്കുള്ള പിന്തുണ ഉയരുന്നത്.
ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ കമല എത്തിയത് പലരും ആഗ്രഹിച്ചത് തന്നെയായിരുന്നതിനാല്‍ കാര്യങ്ങള്‍ക്ക് വേഗം കൈവന്നു. ക്യാമ്പയിനില്‍ ഹാരിസിന്റെ ഉപദേശകര്‍ കാര്യങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. വളരെ നെഗറ്റീവായ സംസാരങ്ങള്‍ ഒഴിവാക്കിയും വേദികളില്‍ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്ന കാര്യങ്ങളില്‍ ഉറച്ചുനിന്നുമാണ് പ്രചാരണം.
കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മാറിയതിന് ശേഷം ഉണ്ടായ മാറ്റം അവരുടെ അടുത്ത ആളുകളെ പോലും ഞെട്ടിച്ചു. കമലയെ ഏറെക്കുറെ എഴുതിത്തള്ളിയ പല രാഷ്ട്രീയക്കാര്‍ക്കും കമലയുടെ ഇപ്പോഴത്തെ മാറ്റവും പ്രചാരണത്തിലെ മുന്നേറ്റത്തിനു പിന്നിലെ രഹസ്യവും മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് സാരം.
ബൈഡന്‍ തുടങ്ങിവെച്ച പ്രചാരണത്തെക്കാളുപരി സ്വന്തം നിലപാട് വ്യക്തമാക്കിയും സ്വയം തിരിച്ചറിഞ്ഞുമുള്ള രീതിയാണ് കമല കൈക്കൊണ്ടത്.
‘ജോ ബൈഡന്റെ ഭരണത്തില്‍ ആവശ്യമായ ശക്തമായ പങ്കാളിയാകുക എന്നത് അവരുടെ ജോലിയായിരുന്നു, സ്പോട്ട്ലൈറ്റ് ഇപ്പോള്‍ അവളിലാണ്, ഇത് അവളുടെ സമയമാണ്. അവള്‍ക്ക് ഒരു പുതിയ ആത്മവിശ്വാസമുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.’ വൈസ് പ്രസിഡന്റാകുന്നതിന് മുമ്പ് കമലയെ അറിയാവുന്ന സംസ്ഥാന പ്രതിനിധിയായ ഡാനിയേല്‍ മണ്‍റോ-മോറേനോ പറഞ്ഞതിങ്ങനെ.
പ്രസിഡന്റി തിരഞ്ഞെടുപ്പിലേക്ക് കമലയെ പാകപ്പെടുത്തുന്നത് അവരുടെ അനുഭവങ്ങളുടെ വെളിച്ചമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് പോലെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതും ഒരു ടാസ്‌ക് തന്നെയാണ്. കമല മൂന്നര വര്‍ഷമായി വൈസ് പ്രസിഡന്റാണ്, അത് അവര്‍ക്ക് ഒരു കൃത്യമായ അടിത്തറ നല്‍കുന്നുവെന്ന് കമലയെക്കുറിച്ച് പലരും ചൂണ്ടിക്കാട്ടുന്നു.
ബൈഡന് പിന്തുണ നല്‍കാന്‍ മടിച്ച യുവ വോട്ടര്‍മാര്‍, കറുത്തവര്‍ഗ്ഗക്കാരായ വോട്ടര്‍മാര്‍, ലാറ്റിനോ വോട്ടര്‍മാര്‍ എന്നിവരില്‍ നിന്നും കമലയ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അവരിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കമലക്കായി എന്ന് കാമ്പയിനിലുള്ളവര്‍ തുറന്ന് സമ്മതിക്കുന്നു.
കമലയുടെ ചിരിച്ച മുഖവും തമാശ നിറഞ്ഞ സംഭാഷണവും അവര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും ഇന്ന് ആളുകള്‍ക്ക് പ്രിയങ്കരമാണെന്നും കമലയില്‍ ആളുകള്‍ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും കമലയെ അടുത്തറിയുന്നവര്‍ വ്യക്തമാക്കുന്നു.















