
സാന്‍ ജോസ്(കാലിഫോര്‍ണിയ): ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തെ അനുസ്മരിക്കുന്ന ഗംഭീര ആഘോഷ പരിപാടി അസോസിയേഷന്‍ ഓഫ് ഇന്‍ഡോ-അമേരിക്കന്‍സും ബോളി 92.3 എഫ് എമ്മും ഉം ചേര്‍ന്ന് സംഘടിപ്പിച്ചു.
പതിനായിരത്തിലധികം പേര്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കി., സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗമായ ഡൗണ്ടൗണ്‍ സാന്‍ ജോസില്‍ ആദ്യമായാണ് ഇന്ത്യ പരേഡ് സംഘടിപ്പിക്കുന്നത്.

ബേ ഏരിയയിലെ 45ലധികം ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകളുടെ പിന്തുണയോടെ നടന്ന പരേഡില്‍ പങ്കെടുത്തവര്‍ 100 അടിയിലധികം ഉയരമുള്ള ഇന്ത്യന്‍ പതാക വഹിച്ചത് വര്‍ണ്ണശബളായ കാഴ്ചയായിരുന്നു.
വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്ന ഫ്‌ലോട്ടുകള്‍ പരേഡിന് ആകര്‍ഷണം കൂട്ടി. സംഗീതവും നൃത്തവും ചെയ്തു തെരുവുകളില്‍ ദേശഭക്തിയുടെ ഊര്‍ജ്ജം നിറച്ചു.

300-ലധികം കുട്ടികള്‍ പങ്കെടുത്ത നൃത്തപരിപാടിയുള്‍പ്പെടുന്ന സാംസ്‌കാരിക പരിപാടികള്‍ ശ്രദ്ധേയമായി. എഐഎ റോക്ക്സ്റ്റാര്‍ ഗാനമത്സരവും വേറിട്ട അനുഭവമായി. ഝാന്‍സി റെഡ്ഡിക്ക് ‘മാതൃകയായ വനിതാ നേതാവ്’ അവാര്‍ഡും, പ്രശസ്ത സംഗീതജ്ഞനും ദേശീയ അവാര്‍ഡ് ജേതാവുമായ മഹേഷ് കാലെയ്ക്ക് ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും നല്‍കി. ആഘോഷങ്ങള്‍ രാത്രി 11.00 വരെ തുടര്‍ന്നു.
(വാര്‍ത്ത: പി.പി ചെറിയാന്‍)















