
സ്‌പോക്കെയ്ൻ: അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് കാട്ടുതീ കനത്ത നാശം വിതയ്ക്കുന്നു. കാൽ ദശലക്ഷത്തിലധികം (2,50,000) ഏക്കർ വനഭൂമി ഇതിനകം കത്തിയമർന്നതായാണ് ഔദ്യോഗിക റിപ്പോർട്ട്. ദുരന്തത്തെത്തുടർന്ന് സംസ്ഥാനത്ത് ഗവർണർ ബോബ് ഫെർഗൂസൻ അടിയന്തരാവസ്ഥയും തീയിടുന്നതിനുള്ള കർശന വിലക്കും പ്രഖ്യാപിച്ചു. കിഴക്കൻ വാഷിംഗ്ടണിലെ പ്രധാന നഗരമായ സ്‌പോക്കെയ്‌നിൽ സ്ഥിതി അതീവ ഗുരുതരമാണ്.
നഗരത്തിലെ ‘ഓൾഡ് ട്രയൽസ് ഫയർ’ മാത്രം 3,000 ഏക്കറിലധികം പ്രദേശത്തേക്ക് പടർന്നിട്ടുണ്ട്. ഇത് അയ്യായിരത്തോളം കെട്ടിടങ്ങൾക്ക് ഭീഷണിയുയർത്തുന്നതായി സ്റ്റേറ്റ് ഫോറസ്റ്റർ ജോർജ്ജ് ഗെയ്‌സ്‌ലർ അറിയിച്ചു. സുരക്ഷ മുൻനിർത്തി നഗരത്തിലെ വാട്ടർ റെക്ലമേഷൻ പ്ലാന്റുകൾ, മാലിന്യസംസ്കരണ കേന്ദ്രങ്ങൾ, വെറ്ററൻസ് അഫയേഴ്‌സ് ആശുപത്രി എന്നിവയടക്കം നിരവധി പ്രമുഖ സ്ഥാപനങ്ങളും നൂറുകണക്കിന് വീടുകളും അടിയന്തരമായി ഒഴിപ്പിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ ജനങ്ങളെ മാറ്റേണ്ടി വരുമെന്ന് മേയർ ലിസ ബ്രൗൺ വ്യക്തമാക്കി.
കാട്ടുതീയെത്തുടർന്ന് പ്രദേശത്തെ പ്രധാന ഊർജ്ജ വിതരണ കമ്പനിയായ ‘അവിസ്റ്റ’യുടെ പരിധിയിലുള്ള അറുപതിനായിരത്തോളം ഉപഭോക്താക്കൾ പൂർണ്ണമായും ഇരുട്ടിലായി. ശക്തമായ കാറ്റും ഉയർന്ന താപനിലയും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും നാഷണൽ ഗാർഡും ഉൾപ്പെടെ നാലായിരത്തോളം പേർ തീ അണയ്ക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാണ്.
ഈ വേനൽക്കാലത്ത് മാത്രം സംസ്ഥാനത്ത് 4.5 ലക്ഷം ഏക്കർ ഭൂമി കത്തിയമർന്നതായും ഇത് അസ്വാഭാവികമായ സാഹചര്യമാണെന്നും പബ്ലിക് ലാൻഡ്‌സ് കമ്മീഷണർ ഡേവ് അപത്ഗ്രോവ് പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിലെ ‘കൈസർ കാന്യോൺ’ ആണ് ഏറ്റവും വലിയ തീപിടുത്തം; ഇത് 1.34 ലക്ഷം ഏക്കറിലാണ് പടർന്നിരിക്കുന്നത്. നിലവിൽ ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ വലിയ നാശനഷ്ടങ്ങളുടെ ചിത്രമായിരിക്കും പുറത്തുവരികയെന്ന് വാഷിംഗ്ടൺ നാഷണൽ ഗാർഡ് മേജർ ജനറൽ ജെന്റ് വെൽഷ് ആശങ്ക പ്രകടിപ്പിച്ചു.
Wildfires rage in Washington: 2.5 lakh acres burned; state of emergency declared















