പിഞ്ചുകുഞ്ഞിനെ കൊന്ന പിതാവിന്റെ വധശിക്ഷ നടപ്പാക്കി ടെക്‌സാസ്

ടെക്സസ്: പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ 3 മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് ട്രാവിസ് മുള്ളിസിന്റെ (38) വധ ശിക്ഷ നടപ്പിലാക്കി ടെക്‌സസ്. ഇതോടെ, സംസ്ഥാനത്ത് ഈ വര്‍ഷം വധശിക്ഷ നടപ്പാക്കുന്ന നാലാമത്തെ തടവുകാരനായി മുള്ളിസ് മാറി. മാരകമായ കുത്തിവയ്പിലൂടെയാണ് ശിക്ഷ നടപ്പിലാക്കിയത്. ട്രാവിസ് മുള്ളിസിന്റെ മരണം ചൊവാഴ്ച രാത്രി 7.01നാണ് സ്ഥിരീകരിച്ചത്.

ബ്രസോറിയ കൗണ്ടിയില്‍ താമസിച്ചിരുന്ന 21 വയസ്സുള്ള മുള്ളിസ് തന്റെ കാമുകിയുമായി വഴക്കിട്ട ശേഷം മകനുമായി സൗത്ത് ഹൂസ്റ്റണിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഗാല്‍വെസ്റ്റണിലേക്ക് കാറില്‍ പോകുകയും കുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നു. കാറില്‍ നിന്ന് പുറത്തെടുത്ത കുട്ടിയെ ഇയാള്‍ തലയില്‍ ചവിട്ടുകയും ചെയ്തിരുന്നു. പിന്നീട് റോഡരികില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മുള്ളിസ് സംസ്ഥാനം വിട്ടെങ്കിലും പിന്നീട് ഫിലാഡല്‍ഫിയയില്‍ പൊലീസില്‍ കീഴടങ്ങിയതിന് ശേഷം അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

എന്റെ മകന്റെ ജീവനെടുക്കാനുള്ള തീരുമാനത്തില്‍ ഞാന്‍ ഖേദിക്കുന്നുവെന്ന് വധശിക്ഷയ്ക്കുമുമ്പ് പറഞ്ഞ മുള്ളിസ് കൊല്ലപ്പെട്ട തന്റെ മകനോടും അമ്മയോടും അവരുടെ കുടുംബത്തോടും ക്ഷമാപണം നടത്തുകയും ചെയ്തു.

അതേസമയം, ശിക്ഷ നടപ്പാക്കാനെത്തിയ വിദഗ്ധര്‍ അനുയോജ്യമായ സിര കണ്ടെത്തുന്നതില്‍ താമസിച്ചതിനാല്‍ വധശിക്ഷ ഏകദേശം 20 മിനിറ്റ് വൈകിയെന്നും റിപ്പോര്‍ട്ടുണ്ട്.