ചബഹാർ ആക്രമണത്തിന് മറുപടി ഉടൻ? ഗൾഫ് തുറമുഖങ്ങളെ ലക്ഷ്യമിട്ട് ഇറാൻ; യുഎസ് സങ്കേതങ്ങൾ ഭീഷണിയിൽ, വിപണിയിൽ ആശങ്കയേറുന്നു

ടെഹ്‌റാൻ: ഇറാനിലെ പ്രമുഖ തുറമുഖമായ ചബഹാറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ പ്രധാന തുറമുഖ ശൃംഖലകളെ ലക്ഷ്യമിടാൻ ഇറാൻ ഒരുങ്ങുന്നതായി സൂചന. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചബഹാറിന് നേരെയുണ്ടായ ആക്രമണത്തോടെ യുഎസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന അഞ്ച് പ്രാദേശിക തുറമുഖങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലാണെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ മേഖലയിൽ യുദ്ധഭീതിയും കടുത്ത ആശങ്കയും പരന്നിരിക്കുകയാണ്.

യുഎഇയിലെ പ്രമുഖ കണ്ടെയ്നർ തുറമുഖമായ ജബൽ അലി, യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ ആസ്ഥാനമായ ബഹ്‌റൈനിലെ മിന സൽമാൻ എന്നിവയാണ് ഇറാന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ കുവൈറ്റിലെ ഷുഐബ തുറമുഖവും ക്യാമ്പ് ആരിഫ്ജാനും ഈ പട്ടികയിലുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ കരസേനാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മേഖലകളിലേക്ക് നേരത്തെയുണ്ടായ മിസൈൽ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഖത്തറിലെ ഹമദ് തുറമുഖവും യുഎസ് സൈന്യത്തിന്റെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബായ സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടും ഇറാന്റെ നിരീക്ഷണത്തിലാണ്.

ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം സൗദി അറേബ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായി മാറിയ കിംഗ് ഫഹദ് പോർട്ടിന് നേരെയുള്ള ഭീഷണി ആഗോള വിപണിയെയും പ്രതിസന്ധിയിലാക്കും. ആഗോള എണ്ണവില കുതിച്ചുയരാതിരിക്കാൻ സഹായിക്കുന്ന ഈ തന്ത്രപ്രധാന പാത തടസ്സപ്പെട്ടാൽ അന്താരാഷ്ട്ര തലത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് അത് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.

More Stories from this section

family-dental
witywide